ഇനി വാട്സാപ്പിലൂടെ പണമയക്കാം; ‘എളുപ്പം, സുരക്ഷിതം’

ഇന്ന് മുതല്‍ രാജ്യത്തുടനീളം വാട്സാപ്പിലൂടെ പണമയക്കാന്‍ സൗകര്യം. വാട്സാപ്പ് പേയ്മെന്‍റ് സര്‍വീസിന് ഇന്ത്യ അനുമതി നല്‍കി. മള്‍ട്ടിബാങ്ക് യൂണിഫൈഡ് പേയ്മെന്റ് ഇന്‍റര്‍ഫേസ് ഉപയോഗിച്ചാണ് വാട്സാപ്പ് പേ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ രണ്ട് കോടി ഉപഭോഗ്താക്കള്‍ക്കാണ് ആദ്യം സേവനം ലഭ്യമാകുക. ക്രമേണ എല്ലാ ഉപഭോകാതാക്കള്‍ക്കും സേവനം ലഭ്യമാകും. ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാത്തത് മൂലമാണ് സേവനം വൈകിയത്. ഗൂഗിള്‍ പേ അടക്കമുള്ള ഒാണ്‍ലൈന്‍ പേയ്മെന്റ് സംവിധാനങ്ങള്‍ക്ക് സമാന്തരമായിരിക്കും വാട്സാപ്പ് പേയുടെയും സേവനം.

വാട്സാപ്പ് പേ സന്ദേശം കൈമാറുന്നത് പോലെ തന്നെ എളുപ്പമാണ്. ആളുകള്‍ക്ക് വളരെ പെട്ടെന്ന് സുരക്ഷിതമായി പണമയക്കുന്നതോടൊപ്പം ഒാണ്‍ലൈനായി വസ്തുക്കള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വാട്സാപ്പ് പേ ഉപയോഗിക്കാന്‍ സാധിക്കും. വാട്സാപ്പിലൂടെ പണമയക്കാനും ലഭിക്കാനും ബാങ്ക് അക്കൗണ്ടും ഡെബിറ്റ് കാര്‍ഡും ആവശ്യമാണ്. നിലവില്‍ ഇന്ത്യയിലെ അഞ്ച് ബാങ്കുകളുമായി പ്രവര്‍ത്തിക്കുന്നതിന് വാട്സാപ്പിന് ധാരണ ലഭിച്ചുക്കഴിഞ്ഞു. 

വാട്സാപ്പ് പേയ്മെന്റ് നടത്താന്‍ മറ്റു രജിസ്ട്രേഷനുകളുടെ ആവശ്യമില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പേരെ ആകര്‍ഷിക്കാനാകുമെന്നാണ് വിലയിരുത്തല്‍.