മൊറട്ടോറിയം ആര്‍ക്കൊക്കെ കിട്ടും..? എന്ത് ചെയ്യണം? ലാഭകരമാണോ?: വിഡിയോ

എന്താണ് മൊറട്ടോറിയം?: മൊറട്ടോറിയം എന്നത് തിരിച്ചടവിനുള്ള സാവകാശമാണ്.  മാർച്ച്1 മുതൽ മേയ് 31 വരെയുള്ള വരുന്ന മാസത്തവണ (ഇഎംഐ) തിരിച്ചടവിനാണു നേരത്തെ  മൊറട്ടോറിയം നല്‍കിയത്. ഇത് ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുകയാണ്. ഫലത്തില്‍ ആറ് മാസം വായ്പാഗഡു തിരിച്ചടക്കേണ്ട. ഈ തവണകൾ ഒന്നിച്ച് സെപ്തംബറില്‍ അടയ്ക്കേണ്ടതില്ല. മൊത്തം തവണകളുടെ എണ്ണം കൂട്ടുകയോ ഇഎംഐ lതുക കൂട്ടുകയോ  ചെയ്താല്‍ മതി .ലോക്ഡൗണിന്റെ ഫലമായി ബിസിനസ് മുടങ്ങിയും തൊഴിൽ നഷ്ടമായും ശമ്പളം പ്രതിസന്ധിയിലായുമൊക്കെ വായ്പ തിരിച്ചടവിനു ബുദ്ധിമുട്ടുള്ളവരെ സഹായിക്കാനാണു മൊറട്ടോറിയം . ശ്രദ്ധിക്കുക മുതലിന്റെയും പലിശയുടെയും തിരിച്ചടവ് ഒഴിവാക്കുകയല്ല ചെയ്യുന്നത്. ആകെ 6  മാസം അധിക സമയം നല്‍കുകയാണ് ചെയ്യുന്നത്. വിശദമായ വിഡിയോ കാണാം.

മൊറട്ടോറിയം ആര്‍ക്കൊക്കെ ലഭിക്കും?

എല്ലാ ഇനം വായ്പകൾക്കും മൊറട്ടോറിയം ലഭിക്കും.ബാങ്ക്, റീജനൽ ഗ്രാമീണ ബാങ്ക്, സഹകരണബാങ്ക്, ബാങ്ക് ഇതര ധനസ്ഥാപനം (എൻബിഎഫ്സി), സ്മോൾ ഫിനാൻസ് ബാങ്ക്, ഹൗസിങ് ഫിനാൻസ് കമ്പനി, മൈക്രോ ഫിനാൻസ് എന്നിങ്ങനെ എല്ലാ വായ്പവിതരണ സ്ഥാപനങ്ങൾക്കും ബാധകമാണ്.ടേം ലോൺ, സ്വർണപ്പണയവായ്പ പോലെ ഒന്നിച്ചു തിരിച്ചടയ്ക്കുന്ന വായ്പകൾ, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിവക്ക് മൊറട്ടോറിയം ബാധകമാണ്. ഭവന വായ്പ, വാഹന വായ്പ, പഴ്സനൽ ലോൺ, വിദ്യാഭ്യാസ വായ്പ, ബിസിനസ് വായ്പ, കാര്‍ഷിക വായ്പ എന്നിവയ്ക്കെല്ലാം ഈ സൗകര്യം ലഭിക്കും. 

മൊറട്ടോറിയം ലഭ്യമാക്കാന്‍ എന്ത് ചെയ്യണം?

ഇത് വളരെ ലളിതമാണ്. ഫോണ്‍, മുഖേനയോ, കത്ത് വഴിയോ, ഇമെയില്‍ വഴിയോ മൊറട്ടോറിയം വേണമെന്ന് വായ്പാദാതാവിനോട് അഭ്യര്‍ഥിക്കാം. ഓരോ ധനകാര്യ സ്ഥാപനങ്ങളും മോറട്ടോറിയം സംബന്ധിച്ച് തീരുമാനമെടുക്കണം. ഇത് പ്രത്യേകമായി അറിയിക്കുമ്പോള്‍ അപേക്ഷ നല്‍കാം. മൊറട്ടോറിയം വേണമെന്ന് അഭ്യര്‍ഥിച്ചില്ലെങ്കില്‍ ലഭിക്കില്ല.

മൊറട്ടോറിയം ലാഭകരമാണോ?

കോവിഡ് ഉണ്ടാക്കുന്ന ആഘാതം എത്രയാണെന്നും നമ്മുടെ വരുമാനത്തെ അത് എങ്ങനെ ബാധിക്കുമെന്നതും ഇപ്പോഴും കൃത്യമായി പ്രവചിക്കാനായിട്ടില്ല.കോവിഡ് കാരണം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നണ്ടെങ്കില്‍ മോറട്ടോറിയം ആനുകൂല്യം നേടുന്നതാണ് നല്ലത്. ഈയിനത്തില്‍ അല്‍പമെങ്കിലും പണം മാറ്റിവയ്ക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് ഭാവിയിലെ ആവശ്യത്തിന് ഉപയോഗിക്കാം . മോറട്ടോറിയം കാലയളവില്‍ പലിശയും മുതലും അടക്കേണ്ട എങ്കിലും ഈ പലിശ പിന്നീട്   മുതലിനോടൊപ്പം ചേർക്കും . ഈ തുകയ്ക്കും പിന്നീട് പലിശ നൽകണം. പക്ഷെ ഇപ്പോള്‍ പലിശ കുറയുന്ന സാഹചര്യത്തില്‍ ഇത് വലിയ ബാധ്യതയാകില്ല.അടുത്തൊന്നും പലിശ നിരക്ക് കൂടുകയുമില്ല. കോവിഡ് കാരണം തിരിച്ചടവുശേഷി കുറഞ്ഞിട്ടില്ലാത്തവർ മൊറട്ടോറിയത്തിനു നിൽക്കേണ്ടെന്നും തിരിച്ചടവു തുടരണമെന്നുമാണ് ബാങ്കുകൾ പറയു്നത്.മൊറട്ടോറിയം കാലാവധിയിൽ തിരിച്ചടവു മുടക്കുന്നത് ഡിഫോൾട്ട് അല്ല.  തിരിച്ചടവു മുടങ്ങിയതായി കണക്കാക്കി കിട്ടാക്കടമായി പ്രഖ്യാപിക്കുന്ന നടപടികളുണ്ടാവില്ല. ക്രെഡിറ്റ് സ്കോറിനെയും മൊറട്ടോറിയം ബാധിക്കില്ല.