കടുത്ത പ്രതിസന്ധി; കുടിശ്ശികയടയ്ക്കാൻ സമയം വേണം: വൊഡഫോണ്‍ ഐഡിയ

എ.ജി.ആര്‍ കുടിശിക അടയ്ക്കുന്നതിന് 15 വര്‍ഷത്തെ കാലാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് വൊഡാഫോണ്‍ ഐഡിയ. ടെലികോം മേഖലയില്‍ പ്രവര്‍ത്തനം തുടരുന്നതിന് കേന്ദ്രത്തിന്‍റെ സഹായം വേണമെന്നും കമ്പനി വ്യക്തമാക്കി.

57,000 കോടിയുടെ എജിആര്‍ കുടിശിക അടയ്ക്കാനുളള സാമ്പത്തിക ശേഷി ഇല്ലെന്ന നിലപാടിലാണ് വൊഡാഫോണ്‍ ഐഡിയ .കമ്പനികളുടെ വരുമാനത്തിന്‍റെ  നിശ്ചിത ശതമാനം തുക ലൈസന്‍സ് ഫീ, സ്പെക്ട്രം ഉപയോഗ നിരക്ക് എന്നിവയായി സര്‍ക്കാരിലേക്ക് അടയ്ക്കുന്നതാണ്  അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ അഥവാ എജിആര്‍. ഇത് നിര്‍ബന്ധമായും അടയ്ക്കണമെന്ന സുപ്രീംകോടതി വിധി വന്നതോടെയാണ് ടെലികോം കമ്പനികള്‍ പ്രതിസന്ധിയിലായത്. അടുത്ത 15 വര്‍ഷം കൊണ്ട് മാത്രമേ ഈ തുക അടച്ചു തീര്‍ക്കാനാകൂ എന്നാണ് വൊഡാഫോണ്‍ ഐഡിയയുടെ നിലപാട്. 8000 കോടിയുടെ ജിഎസ്ടി റീഫണ്ട് വേണമെന്നും ഇത് എജിആര്‍ തുകയുമായി തട്ടിക്കിഴിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

57000 കോടിയുടെ കുടിശികയില്‍ ഇത് വരെ 3500 കോടി മാത്രമാണ് വൊഡാഫോണ്‍ ഐഡിയ അടച്ചത്. എജിആര്‍ കുടിശികയില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ അടച്ചൂപൂട്ടുകയല്ലാതെ  വേറെ പോംവഴികളൊന്നുമില്ലെന്ന് കമ്പനി വ്യക്തമാക്കി. നേരത്തെ കുടിശിക അടയ്ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു