സാമ്പത്തികവളര്‍ച്ച കീഴോട്ടെന്ന് 'മൂഡി'; ഇനിയും ഇടിയാൻ സാധ്യത

നോട്ടുനിരോധത്തിന്‍റെ മൂന്നാംവാര്‍ഷികത്തില്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച കീഴോട്ടെന്ന് വിലയിരുത്തി അമേരിക്കന്‍ റേറ്റിങ് ഏജന്‍സി മൂഡി. എന്നാല്‍ ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‍വ്യവസ്ഥയില്‍ ഇന്ത്യ തുടരുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി.  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കെതിരായ ഭീകരാക്രമണമായിരുന്നു നോട്ട് നിരോധനമെന്ന് രാഹുല്‍ ഗാന്ധിയും നോട്ട് നിരോധനം ദുരന്തമായിരുന്നുവെന്ന് പ്രിയങ്കാഗാന്ധിയും വിമര്‍ശിച്ചു. 

 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്ക്പ്രകാരം ഇന്ത്യയുടെ വളര്‍ച്ചനിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണെന്നാണ് അമേരിക്കന്‍ റേറ്റിങ് ഏജന്‍സി മൂഡി വ്യക്തമാക്കുന്നത്. 2013 മുതലുള്ള കണക്കില്‍ എറ്റവും കുറവ് വളര്‍ച്ചനിരക്ക്. സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ സ്ഥിരതയെന്ന സമ്പദ് വ്യവസ്ഥയില്‍ നിന്ന് നെഗറ്റീവ് എന്നതിലേക്ക് മാറി. സാമ്പത്തിക മാന്ദ്യത്തെയും പ്രതിസന്ധികളെയും അഭിസംബോധന ചെയ്യുന്നതില്‍ സര്‍ക്കാര്‍ നയങ്ങളുടെ പോരായ്മയുണ്ട്.

ഇന്ത്യയുടെ കടബാധ്യത വലിയ തോതില്‍ ഉയര്‍ന്നു. വളര്‍ച്ചനിരക്ക് ഇനിയും ഇടിയാനാണ് സാധ്യത. ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള താല്‍പ്പര്യവും സര്‍ക്കാര്‍ ചിലവും കുറഞ്ഞതായും മൂഡി വിലയിരുത്തുന്നു. 

എന്നാല്‍ മൂഡി റേറ്റിങ്ങിനെ കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയുടെ അടിസ്ഥാന നില ഭദ്രമാണെന്ന് ധനവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്നും ധനമന്ത്രാലയം വ്യക്തമാക്കി. നോട്ട് നിരോധനത്തിന്‍റെ മൂന്നാംവാര്‍ഷികത്തിലാണ് രാജ്യത്തിന്‍റെ സാമ്പത്തികനില ആശങ്കജനകമാണെന്ന് മൂഡി റേറ്റിങ് പറയുന്നത്.

അതേസമയം നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കെതിരായ ഭീകരാക്രമണമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സമ്പദ്‍വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരെങ്കിലും മുന്നോട്ടുവരുമോയെന്ന് പ്രിയങ്കാഗാന്ധി ചോദിച്ചു.