എഫ്എംസിജി മേഖല ഏറ്റവും മോശം അവസ്ഥയിൽ; വരുമാനത്തില്‍ ഗണ്യമായ കുറവെന്ന് ക്രെഡിറ്റ് സ്യൂസ്

രാജ്യത്തെ എഫ്എംസിജി മേഖല കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് രാജ്യാന്തര റേറ്റിംഗ്  ഏജന്‍സിയായ ക്രെഡിറ്റ് സ്യുസ്. 2016ല്‍ തുടങ്ങിയ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ക്രെഡിറ്റ് സ്യുസ്  വിലയിരുത്തി 

എഫ്എംസിജി കമ്പനികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് ക്രെഡിറ്റ് സ്യൂസ് പ്രവചിക്കുന്നത്. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും , പണലഭ്യതയിലെ കുറവും, തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളുമാണ് ഇതിന് കാരണമെന്നും ക്രെഡിറ്റ് സ്യുസ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും മോശം സാഹചര്യമാണ് എഫ്എംസിജി മേഖല കടന്നു പോകുന്നതെന്നും ക്രെഡിറ്റ് സ്യൂസ് വ്യക്തമാക്കി. കാര്‍ഷികമേഖലയിലെ മൊത്ത ആഭ്യന്തര ഉല്‍പാദനം 15 വര്‍ഷത്തെ താഴ്ന്ന നിലയിലാണ്.ജിഎസ്ടി വന്നതിന് ശേഷം ചെറുകിട ഇടത്തരം സംരംഭങള്‍ പൂട്ടിപ്പോയത് തൊഴിലില്ലായ്മ കൂടാനിടയാക്കി. കര്‍ഷകരുടെ അകൗണ്ടിലേക്ക് നേരിട്ട് പണം ലഭ്യമാക്കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ നടത്തിപ്പ് വളരെ മന്ദഗതിയിലാണ്. ഇതെല്ലാം അതിദ്രുത ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയെ ബാധിച്ചതായി ക്രെഡിറ്റ് സ്യൂസ് അഭിപ്രായപ്പെട്ടു. സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലും ഉല്‍പ്പന്നങ്ങളുടെ വില്‍പന കുറയും. നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടാനിയ, പിഡിലൈറ്റ് തുടങ്ങിയ പ്രധാന എഫ്എംസിജി സ്ഥാപനങ്ങളുടെ റേറ്റിംഗ് ക്രെഡിറ്റ് സ്യൂസ് കുറച്ചു. ഇതേ തുടര്‍ന്ന് ഇവയുടെ ഓഹരി വിലയിലും ഇടിവ് രേഖപ്പെടുത്തി.