വിൽപന കുത്തനെ കുറഞ്ഞു; ജിഎസ്ടി കുറയ്ക്കണമെന്ന് ബിസ്കറ്റ് നിര്‍മാതാക്കൾ

വില്‍പന കുത്തനെ കുറഞ്ഞതോടെ ചരക്ക് സേവന നികുതി കുറയ്ക്കണമെന്ന്  ബിസ്കറ്റ് നിര്‍മാതാക്കള്‍. നികുതി 18 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കണമെന്നാണ് ആവശ്യം. 

5 രൂപ വിലയുളള ബിസ്കറ്റിന്‍റെ പോലും വില്‍പന കുറഞ്ഞതോടെയാണ് ആശ്വസ നടപടികള്‍ ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. 2017ലാണ് ബിസ്കറ്റിന്‍റെ നികുതി 18 ശതമാനമാക്കി ഉയര്‍ത്തിയത്. നൂറ് രൂപക്ക് താഴെ വിലയുളള ബിസ്കറ്റുകള്‍ക്കുളള ജിഎസ്ടി 5 ശതമാനമാക്കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം. 100 രൂപക്ക് മുകളില്‍ വിലയുളളവക്ക് 18 ശതമാനം നികുതി അടയ്ക്കാവുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 20ആം തീയതി ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യം പരിഗണിക്കണമെന്നാണ് ആവശ്യം. 

ജിഎസ്ടി വന്നതോടെ വില കൂട്ടേണ്ട സാഹചര്യം ഉണ്ടായെങ്കിലും ഓരോ പാക്കറ്റുകളിലെയും ബിസ്കറ്റുകളുടെ എണ്ണം കുറച്ചാണ് കമ്പനികള്‍ ഇതിനെ നേരിട്ടത്. എന്നാല്‍ ഇത് വില്‍പനയെ ബാധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വില്‍പന കുത്തനെ കുറഞ്ഞു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ബിസ്കറ്റ് നിര്‍മാതാക്കളായ പാര്‍ലെ ജി 10,000 ജീവനക്കാരെ പിരിച്ചു വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. 40 ഓളം വന്‍കിട ബിസ്കറ്റ് നിര്‍മാതാക്കളാണ് രാജ്യത്തുളത്. 31,200 കോടി രൂപ മൂല്യമുളളതാണ് രാജ്യത്തെ ബിസ്കറ്റ് വിപണി.