‘ആഗ്രഹങ്ങൾ പിന്തുടരുന്നതിൽ എക്കാലവും പ്രചോദനം; ഇല്ല, മടങ്ങുന്നത് തോറ്റിട്ടല്ല’

കഫെ കോഫി ഡേ സ്ഥാപകൻ വി.ജി.സിദ്ധാർഥയുടെ വിയോഗത്തിനു പിന്നാലെ അനുശോചനങ്ങളും ഓർമക്കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നു. സ്ഥാപനത്തിന്റെ ഫെയ്സ്ബുക് പേജിന്റെ ലോഗോ കറുപ്പ് നിറത്തിലാക്കിയാണു കഫെ കോഫി ‍ഡേയിലെ ജീവനക്കാർ ആദരാഞ്ജലി അർപ്പിച്ചത്. ഫെയ്സ്ബുക്ക് കവർ പേജിൽ അവർ ഇങ്ങനെയെഴുതി– ‘നിങ്ങൾ കാരണമാണ് ഇന്ത്യ ഓരോ കപ്പിലും ആനന്ദം കണ്ടെത്തിയത്. ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും’.

ഡോക്ടർമാരുടെ സ്റ്റാർട്ടപ്പായ ഡെയ്‌ലി റൗണ്ട്സ് ആൻഡ് മാരോയുടെ ഓർമക്കുറിപ്പും നിരവധി പേർ പങ്കിട്ടു. ജീവിതത്തിലും ജോലിയിലും താൻ തോറ്റിരിക്കുന്നുവെന്ന് ജീവനക്കാർക്കു കത്തെഴുതിയാണ് സിദ്ധാർഥ വിടവാങ്ങിയത്. എന്നാൽ സിദ്ധാർത്ഥ തോറ്റിട്ടില്ലെന്നു പറയുകയാണു ഡെയ്‌ലി റൗണ്ട്സ് അംഗങ്ങൾ.

‘ഞങ്ങളുടെ സ്റ്റാർട്ടപ്പിനെക്കുറിച്ച് ആലോചിക്കുന്നത് സിസിഡിയിൽ (കഫേ കോഫി ഡേ) വച്ചാണ്. പലരും ആദ്യമായി കപ്പുച്ചിനോ രുചിച്ചത് സിസിഡിയിൽനിന്നാണ്. ചിലരുടെയെങ്കിലും ആദ്യ ‘ഡേറ്റും’ ഇവിടെയായിരുന്നിരിക്കാം. ഒരുപാട് കാലം മുന്നോട്ടുപോയ നിലയിൽ സിസിഡിയെ കാണാന്‍ സാധിക്കുന്നതിൽ സന്തോഷമുണ്ട്. ആയിരങ്ങൾക്കാണ് നിങ്ങൾ ജോലിയും ജീവിതവും നൽകിയത്. 

നിങ്ങളൊരു ബ്രാൻഡാണ് നിർമിച്ചത്, രാജ്യം അഭിമാനിക്കുന്നു. ആഗ്രഹങ്ങൾ പിന്തുടരുന്നതിൽ തലമുറകൾക്ക് എക്കാലവും പ്രചോദനമാണ് നിങ്ങൾ. ഇല്ല, നിങ്ങളൊരിക്കലും പരാജയപ്പെട്ടിട്ടില്ല, ഒരു തരത്തിലും’– ഡെയ്‌ലി റൗണ്ട്സ് ആൻഡ് മാരോ ടീം എഴുതി.