കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ കേരള നീം ജി വിപണിയിലേക്ക്

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ കേരള നീം ജി  വിപണിയിലേക്ക് . കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മിക്കുന്ന ഇലക്ട്രിക് ഓട്ടോകളുടെ വ്യവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 8000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഓരോ വര്‍ഷവും പുറത്തിറക്കാനാണ് കെ എ എല്‍  ലക്ഷ്യമിടുന്നത്. ഇന്ധനവിലവര്‍ധനവിന്റെ കാലത്ത് സാധാരണക്കാരന് ആശ്വാസമാകും നീം ജി ഓട്ടോകള്‍.

കേരളത്തിന്റെ റോഡുകളിലൂടെ നാളെ ഓടേണ്ട ഇലക്ട്രിക്ക് ഓട്ടോകള്‍ എത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നെയ്യാറ്റിന്‍കരയിലെ കേരള ഓട്ടോമൊബൈല്‍സില്‍ നിന്നാണ്.  ഡീസല്‍ ഓട്ടോകളുടെ ശബ്ദമുണ്ടാകില്ല. സാധാരണ ഓട്ടോയിലെ പോലെ പിറകില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാനാവും. ഗിയറില്ലാത്ത ഓട്ടോക്ക് കയറ്റം കയറാന്‍ പ്രത്യേക പവര്‍ ഗിയറുണ്ട്.  മൂന്ന് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സുഖമായി കേരള നീം ജിം ഓട്ടോയില്‍ യാത്ര ചെയ്യാം. 

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു പൊതുമേഖല സ്ഥാപനത്തില്‍ നിന്ന് ഇലക്ട്രിക് ഓട്ടോ പുറത്തിറങ്ങുന്നത്. രണ്ടു ലക്ഷം രൂപയാണ് വില. കെ.എസ് ആര്‍ ടി സിക്ക് വേണ്ടി ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കാനും കേരള ഓട്ടോമൊബൈല്‍സ് ലക്ഷ്യമിടുന്നുണ്ട്