ദക്ഷിണ കൊറിയയും ഇന്ത്യയും തമ്മിലുള്ള കരാറിൽ ഒപ്പു വച്ചു

ദക്ഷിണ കൊറിയയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊറിയന്‍ സന്ദര്‍ശനത്തിനിടെയാണ് കരാറൊപ്പിട്ടത്. ഏഴ് പ്രധാനമേഖലകളിലാണ് സഹകരണം വര്‍ധിപ്പിക്കുന്നത്. 

അടിസ്ഥാന സൗകര്യ വികസനം, മാധ്യമങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്കുപുറമെ അതിര്‍ത്തികടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമുള്ളതാണ് കരാറുകള്‍. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലായിരുന്നു ധാരണാപത്രങ്ങള്‍ ഒപ്പുവച്ചത്. വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു. കൊറിയന്‍ കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപം നിയന്ത്രിക്കുന്ന കൊറിയ പ്ലസ് എന്ന സംവിധാനം തുടരാനും ധാരണയായി. കൊറിയന്‍ വ്യവസായ, വ്യാപാര, ഊര്‍ജ മന്ത്രാലയങ്ങളുടെയും കൊറിയ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സിയുടെയും ഇന്‍വെസ്റ്റ് ഇന്ത്യയുടെയും പ്രതിനിധികളടങ്ങുന്നതാണ് കൊറിയ പ്ലസ് സംവിധാനം. 

സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങളെ വ്യവസായവല്‍ക്കരിക്കുന്നതിനും സാങ്കേതികതയുടെ സഹായത്തോടെ പരിഷ്കരിക്കുന്നതിനുമായി ഇന്ത്യയില്‍ കൊറിയ സ്റ്റാര്‍ട്ടപ്പ് സെന്‍റര്‍ തുടങ്ങും. പ്രസാര്‍ ഭാരതിക്ക് കൊറിയയിലും കൊറിയന്‍ ബ്രോഡ്കാസ്റ്റിങ്ങ് സിസ്റ്റത്തിന് ഇന്ത്യയിലും സംപ്രേഷണം സാധ്യമാക്കും. ഫിഷറീസ്, അക്വാകള്‍ച്ചര്‍ വികസനത്തിനായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അടിസ്ഥാന സൗകര്യ, റോഡ് വികസനത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നാഷണല്‍ ഹൈവേയ്സ് അതോറിറ്റിയും കൊറിയ എക്സ്പ്രസ്‌വേ കോര്‍പറേഷനും ധാരണയിലെത്തി.