നയം സുതാര്യം; വിവരങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യും; ഫെയ്സ്ബുക്

ഇരുന്നൂറുകോടിയിലധികം വരുന്ന ഉപയോക്തകളുടെ വിവരങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതില്‍  പ്രതിജ്ഞാബദ്ധമാണെന്ന് ഫെയ്സ്ബുക് . കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര അഡ്വര്‍ട്ടൈസിങ് അസോസിയേഷന്റെ ലോക സമ്മേളനത്തിലാണ് നയം സുതാര്യമാണെന്ന് ഫെയ്സ്ബുക് ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്.  ഗ്ളോബല്‍ ബിസിനസ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റും ചീഫ് ക്രിയേറ്റീവ് ഒാഫീസറുമായ മാര്‍ക് ഡി ആര്‍സിയാണ് ഫെയ്സ്ബുക്കിനെ പ്രതിനിധീകരിച്ച് കൊച്ചിയിലെത്തിയത്.

ബ്രാന്‍ഡ് ധര്‍മ എന്ന വിഷയത്തിലാണ് രാജ്യാന്തര അഡ്വര്‍ട്ടൈസിങ് അസോസിയേഷന്റെ ലോക സമ്മേളനം ശ്രദ്ധകേന്ദ്രീകരിക്കുന്നത് . ഈ വിഷയത്തില്‍  ജനങ്ങളോടും സംരംഭകരോടുമെല്ലാം ഫെയ്സ്ബുക്കിനെന്താണ് പറയാനുള്ളതെന്ന ചോദ്യത്തിനാണ് മാര്‍ക് ഡി ആര്‍സി മറുപടി നല്‍കിയത്. ഇരുന്നൂറുകോടിയിലധികം വരുന്ന ഉപയോക്തകളും അവരുടെ വിവരങ്ങളും സുരക്ഷിതമായി കൈകാര്യംചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മാര്‍ക് ഡി ആര്‍സി പറഞ്ഞു. രണ്ടുകോടി തൊണ്ണൂറുലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് കഴിഞ്ഞവര്‍ഷം ഫെയ്സ്ബുക് തന്നെ തുറന്നുപറഞ്ഞത് വലിയ ആശങ്കകള്‍‌ സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍കൂടിയാണ് മാര്‍ക് ഡി ആര്‍സിയുടെ മറുപടി.

പുതിയ കണ്ടെത്തലുകളും സങ്കേതങ്ങളും ഉപയോക്താക്കള്‍ക്ക് പരമാവധി പ്രയോജനപ്പെടുവിധം അവതരിപ്പിക്കാന്‍ വരുംകാലത്തും ഫെയ്സ്ബുക് ശ്രദ്ധപതിപ്പിക്കുമെന്നും മാര്‍ക് ഡി ആര്‍സി പറഞ്ഞു.