ഉള്ളാട സമുദായാംഗങ്ങൾക്ക് വിദ്യാർത്ഥികളുടെ 'കുറുന്തോട്ടി'; പുതു വിപണന തന്ത്രം

പച്ചമരുന്നുകൾ ശേഖരിക്കുന്ന ഉള്ളാട സമുദായാംഗങ്ങൾക്ക് വിപണിയും കൃത്യമായ വരുമാനവും ഉറപ്പുവരുത്താന്‍ പദ്ധതിയുമായി ആലുവ അൽ അമീൻ കോളജ് വിദ്യാർഥികൾ. കുറുന്തോട്ടി എന്ന പേരിൽ വിപണന ശൃംഖലയ്ക്ക് വിദ്യാര്‍ഥികള്‍ തുടക്കമിട്ടു. ഉള്ളാട സമുദായാംഗങ്ങളില്‍ നിന്ന് പച്ചമരുന്നുകൾ ശേഖരിച്ച് ആയുർവേദ മരുന്നു നിർമാണ സ്ഥാപനങ്ങൾക്ക് എത്തിക്കുകയാണ് പദ്ധതി. 

ഇത് കാലടി ചെങ്ങൽ സ്വദേശി മണ്ണുമോളത്ത് അമ്മിണി. ആറുപതിറ്റാണ്ടിലേറെയായി പച്ചമരുന്നുകൾ പറിച്ചെടുത്ത് വിറ്റാണ് അമ്മിണി ജീവിക്കുന്നത്. മുന്‍പ്, ഇവർക്ക് നാട്ടിൽ നിന്നുമാത്രം ഇരുന്നൂറിലേറെ പച്ചമരുന്നുകൾ ലഭിച്ചിരുന്നു. ഇപ്പോൾ കാട് കയറിയാൽ പോലും ലഭിക്കുന്നത് നൂറോളം പച്ച മരുന്നുകൾ മാത്രം. ഇത് പറിച്ച് വിറ്റാൽ കിട്ടുന്നത് തുഛമായ വരുമാനവും.

ജില്ലയിലെ മലയാറ്റൂർ, പാണിയേലി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഇവരുടെ മരുന്നുശേഖരണം. അന്യംനിന്നുപോകുന്ന ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഉള്ളാട സമുദായാംഗങ്ങളുടെ ദുരിതം തിരിച്ചറിഞ്ഞാണ് ആലുവ അൽ അമീൻ കോളജിലെ കൊമേഴ്സ് വിദ്യാര്‍ഥികള്‍ ഇവർക്കായി വിപണന ശൃംഖല ഒരുക്കാന്‍ തീരുമാനിച്ചത്. കുറുന്തോട്ടി എന്ന് പേരിട്ട വിപണ ശൃംഖല വഴി ഇവരിൽ നിന്ന് മരുന്നുകൾ സംഭരിക്കും. 

ആയുർവേദമരുന്നു നിർമാണ സ്ഥാപനങ്ങളുടെ ആവശ്യാർഥം അവ എത്തിച്ച് നൽകും. മരുന്നു സംഭരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സാമൂഹിക പ്രവർത്തക ദയാബായി നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് നൂറോളം പച്ചമരുന്നുകളുടെ പ്രദർശനവുമൊരുക്കിയിരുന്നു.