ഇനി അനഭിമതൻ; വ്യാപാരമേഖയിലും പാകിസ്താന് നഷ്ടം; തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യ നല്‍കിയിരുന്ന അഭിമതരാഷ്ട്ര പദവി നഷ്ടമാകുന്നത് പാക്കിസ്ഥാന് വ്യാപാരമേഖയില്‍ തിരിച്ചടിയാകും. വിവിധ തീരുവകകള്‍ക്ക് നല്‍കിയിരുന്ന ഇളവ് ഇല്ലാതാകുന്നത് ആ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെയും ബാധിക്കും. പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് ഇതേ പദവി നല്‍കിയിട്ടുമില്ല.  

ലോക വ്യാപാര സംഘടനയുടെ ഗാട്ട് കരാര്‍ അനുസരിച്ചാണ് അഭിമത രാഷ്ട്ര പദവി നല്‍കുന്നത്. വ്യാപാരം ബന്ധം നിലനില‍്ക്കുന്ന രാജ്യങ്ങളുടെ ഇടയ്ക്ക് വിവേചനം പാടില്ലെന്നതാണ് ഇതില്‍ പ്രധാനം. ഇറക്കുമതി താരിഫുകളില്‍ ഇളവ്, ആഭ്യന്തര വിപണികളില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം, അഭിമത പട്ടികയിലുള്‍പ്പെടുന്ന ഉല്‍പന്നങ്ങള്‍ക്ക് സുഗമമായി വിപണികളിലെത്താനുള്ള സൗകര്യം തുടങ്ങിയവ ഉറപ്പാക്കുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള കോട്ടണ്‍, വിവിധയിനം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടെയുള്ളവ ഈ ഇളവുകള്‍ നേടി ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയിരുന്നു. പഞ്ചസാര, ഉപ്പ്, സിമന്റ്, കെമിക്കലുകള്‍, മിനറല്‍ ഫ്യുവലുകള്‍ എന്നിവയാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം ചെയ്യുന്നത്. പ്രതിവര്‍ഷം പതിനാലായിരം കോടി രൂപയുടേതാണ് വ്യാപാരം.

ലോകവ്യാപാര സംഘടന രൂപീകൃതമായി ഒരു കൊല്ലത്തിനുശേഷം, 1996ലാണ് ഇന്ത്യ പാക്കിസ്ഥാന് അഭിമത രാഷ്ട്ര പദവി നല്‍കുന്നത്. ഉറി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ 2016ല്‍ ഇത് പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്നദ്ധനായെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് അഭിമതരാഷ്ട്ര പദവി നല്‍കുന്ന കാര്യം ആലോചനയിലില്ലെന്ന് 2018 നവംബറില്‍ പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പാക്കിസ്ഥാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കിയിട്ടുമുണ്ട്.