റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കൂട്ടിയേക്കില്ല; വായ്പ നയ അവലോകനം അടുത്തമാസം

റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കൂട്ടിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. അടുത്തമാസമാണ് ആര്‍ബിഐയുടെ വായ്പ നയ അവലോകനം. അതേസമയം, ജൂണില്‍ നിരക്ക് കുറച്ചേക്കുമെന്നും റോയിട്ടേഴ്സ് നടത്തിയ അഭിപ്രായ സര്‍വെയില്‍ പറയുന്നു.

ഫെബ്രുവരി ഏഴിലെ വായ്പനയ അവലോകനത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കൂട്ടുമെന്നായിരുന്നു കഴിഞ്ഞ റോയിട്ടേഴ്സ് സര്‍വെയില്‍ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ന്യൂട്രല്‍ എന്ന നിലപാടിലേക്ക് റിസര്‍വ് ബാങ്ക് മാറുമെന്ന് ഇക്കണോമിസ്റ്റുകള്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നു. വളരെ അപൂര്‍വമായി മാത്രമേ സര്‍വെയില്‍ ഇത്തരമൊരു തിരുത്തല്‍ വരാറുള്ളൂ. ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ് പകരം ശക്തികാന്ത ദാസ് എത്തിയതാണ് നിലപാട് മാറ്റാന്‍ കാരണമായി പറയുന്നത്. തിരഞ്ഞെടുപ്പുകാലത്ത് കടുത്ത നടപടികളിലേക്ക് പോകേണ്ടെന്ന സര്‍ക്കാരിന്റെ ഇംഗിതമനുസരിച്ച് ശക്തികാന്ത ദാസ് പെരുമാറുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വളര്‍ച്ച ചൈനയുടേതിനേക്കാള്‍ മികച്ചതാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ കരുതുന്നുണ്ട്. വിദഗ്ധരുടെ പാനലിലെ മൂന്നില്‍ രണ്ട് പേരും റീപോ നിരക്ക് ആറര ശതമാനത്തില്‍ ആര്‍ബിഐ നിലനിര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, സര്‍ക്കാരിന്റെ ആഗ്രഹമനുസരിച്ച് ആര്‍ബിഐ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് സാമ്പത്തിക രംഗത്തിന് പ്രതികൂലമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ അഞ്ചുകൊല്ലക്കാലം പണപ്പെരുപ്പം പിടിച്ചുനിര്‍ത്തിയത് കര്‍ക്കശമായ നയം സ്വീകരിച്ചതിനാലായിരുന്നു.