കാലംതെറ്റി കരിമ്പ്പൂത്തു; മറയൂര്‍ ശര്‍ക്കരയ്ക്കു വിലയിടിഞ്ഞു

മറയൂര്‍ ശര്‍ക്കരയ്ക്കു വിലയിടിഞ്ഞു. കരിമ്പ് നേരത്തെ പൂത്തതിനാല്‍   ഉല്‍പാദനവും  പകുതിയായ‌ി. മൂന്നാര്‍ പെരിയവാര പാലം തകര്‍ന്നതോടെ ചരക്ക് നീക്കത്തിന് ചെലവേറിയതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി.

കാന്തല്ലൂര്‍, മാശിവയല്‍, ചുരക്കുളം, മറയൂര്‍മാശി തുടങ്ങിയ മേഖലകളില്‍ 1500 ഹെക്ടറിലധികം കരിമ്പിന്‍ തോട്ടമാണ് ഇങ്ങനെ പൂത്തുനില്‍ക്കുന്നത്. പൂത്ത കരിമ്പില്‍ നീര് കുറഞ്ഞതോടെ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടായി. സാധാരണയായി കരിമ്പ് ഓഗസ്റ്റ് മാസങ്ങളില്‍ പൂക്കുന്നതിനാല്‍  ഇത് ഒഴിവാക്കുന്ന തരത്തിലാണ്  കൃഷിയിറക്കാറ്. എന്നാല്‍ കാലംതെറ്റി  കരിമ്പ്പൂത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. 

65 മുതല്‍ 70 രൂപ വരെ വില ലഭിച്ചിരുന്ന   ശര്‍ക്കരയ്ക്ക്  പെരിയവര പാലം തകര്‍ന്നതോടെ ചരക്ക് നീക്കത്തിന്  ചെലവ് അധികമാണെന്ന്  കാണിച്ച് 45 മുതല്‍ 50 രൂപവരെയാണ് ഇപ്പോള്‍ വിലയായി ലഭിക്കുന്നത്. എന്നാല്‍ വ്യാപാരികള്‍  തമിഴ്‌നാട്ടില്‍ നിന്ന് ഗുണനിലവാരമില്ലാത്ത ശര്‍ക്കര കേരളത്തില്‍ എത്തിച്ച് മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ വിറ്റഴിച്ച് ലാഭം കൊയ്യാനുള്ള ശ്രമമാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.