എച്ച് വണ്‍ ബി വിസ മാനദണ്ഡങ്ങളില്‍ മാറ്റത്തിനൊരുങ്ങി ട്രംപ്; ഇന്ത്യക്കാർക്ക് തിരിച്ചടിയാകും

എച്ച് വണ്‍ ബി വിസ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കുമാത്രം വീസ അനുവദിക്കുന്ന തരത്തിലാണ് മാറ്റങ്ങള്‍. ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നതാണ് തീരുമാനം. 

ടെക്നോളജി മേഖലയില്‍ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ള വിദേശികള്‍ മാത്രം അമേരിക്കയില്‍ ജോലി ചെയ്താല്‍ മതിയെന്നതാണ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. നിലവിലെ വീസ മാനദണ്ഡങ്ങള്‍ രാജ്യത്തെ ഒരു ഔട്ട്സോഴ്സിങ്ങ് ഹബ്ബാക്കിയെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ക്രിസ് ലിഡെല്‍ പറഞ്ഞു. നൂതന സാങ്കേതികതയെക്കുറിച്ച് വാഷിങ്ടണ്‍ പോസ്റ്റ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

നിലവില്‍ ഒരുലക്ഷത്തി ഇരുപതിനായിരം വീസകളാണ് അനുവദിച്ചിട്ടുള്ളത്. ഇത് വളരെ കൂടുതലാണെന്ന് ലിഡെല്‍ അഭിപ്രായപ്പെട്ടു. അനുവദിച്ച വീസകളില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ യോഗ്യതകള്‍ അധികം ആവശ്യമില്ലാത്ത, ഔട്ട്സോഴ്സിങ് ജോലികള്‍ക്കുവേണ്ടിയുള്ളതാണ്. സാങ്കേതിക മേഖലകളില്‍ ഡോക്ടറേറ്റുകള്‍ ഉള്ളവര്‍ രാജ്യത്തേക്കെത്തണമെന്നാണ് ട്രംപിന്റെ ആഗ്രഹമെന്ന് ലിഡെല്‍ പറഞ്ഞു.