വാട്സാപ്പിലെ പുതിയ ഫീച്ചർ ഇതാ, സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

രാവിലെ എഴുന്നേറ്റാലുടൻ വാട്സാപ്പിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാണ് പലരും ദിനചര്യ ആരംഭിക്കുന്നത്. അവിടെ തീരുന്നില്ല. ദിവസം മുഴുവൻ കൃത്യമായ ഇടവേളകളിൽ ഈ പച്ച ഐക്കണിന്റെ കൂടെത്തന്നെയായിരിക്കും ചിലരെങ്കിലും. അവസാനം രാത്രി ഉറങ്ങും വരെ കക്ഷി നമ്മുടെ കൂടെയുണ്ടാകും. അതെ, വാട്സാപ്പ് നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. തർക്കമില്ല

വാട്സാപ്പിൽ വരാൻ പോകുന്ന ഒരു നിർണായക മാറ്റമാണ് ഇപ്പോൾ വാർത്തകളിൽ വരുന്നത്. ഗ്രൂപ്പ് ചാറ്റിൽ ‍വാട്സാപ്പ് രഹസ്യ മെസേജ് ഫീച്ചർ ലഭ്യമാക്കുന്നു. എന്നു വച്ചാൽ ഗ്രൂപ്പിലെ അംഗങ്ങളുമായി മറ്റാരും അറിയാതെ രഹസ്യമായി സൊള്ളാം. മറുപടിയും സീക്രട്ട്. അത്ര തന്നെ. കേൾക്കുമ്പോൾ നിസാരം. പക്ഷെ ശ്രദ്ധിച്ചില്ലെങ്കിൽ കാര്യം ഗുരുതരമാകും. 

ഒന്നിലേറെ രഹസ്യ വിൻഡോകൾ തുറന്നിരിക്കുമ്പോൾ ആളുമാറിപ്പോകാൻ സാധ്യത വളരെ കൂടുതലാണ്. ഒരാളോടു പറയുന്ന പരാമർശമാകണമെന്നില്ല മറ്റൊരാളോടു പറയുന്നത്. വിൻഡോ കൃത്യമായി മനസിലാക്കി മറുപടി നൽകിയില്ലെങ്കിൽ പണി പാളുമെന്നു ചുരുക്കം. സോഷ്യൽമീഡിയയിലെ തെറ്റായ മെസേജുകളുടെ പേരിൽ തെറ്റിദ്ധാരണകൾ  ഉടലെടുക്കുകയും അത് വൻകുറ്റകൃത്യങ്ങളിലേക്കു നയിച്ച സംഭവങ്ങളും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ടെന്നതും ഓർക്കുക. 

ഈ ഫീച്ചർ ഉപയോഗിക്കാൻ ആർക്കാണോ മെസേജ് അയക്കേണ്ടത് അയാളുടെ സന്ദേശത്തിൽ അമത്തിപ്പിടിച്ചാൽ മതി. അപ്പോൾ റിപ്ളേ പ്രൈവറ്റ്ലി ഓപ്ഷൻ കാണും. ഇതോടെ രഹസ്യചാറ്റിങ്ങ് തുടങ്ങാം.  ആന്‍ഡ്രോയിഡിലെ വാട്‌സാപ്പിന്റെ 2.18.335 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഉള്ളത്. ഇത് വെബ് വേര്‍ഷനിലോ, ഐഒഎസിലോ നിലവിൽ ലഭ്യമല്ല. എന്നാല്‍, ഈ ബീറ്റാ വേര്‍ഷന്‍ ഒട്ടും സ്‌റ്റേബിള്‍ അല്ലെന്നും ബീറ്റാ ടെസ്റ്റു ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും പറയുന്നു