ഉദുമ ടെക്സ്റ്റൈൽ മിൽ പുതുജീവൻ; പ്രതീക്ഷയോടെ വ്യവസായ മേഖല

കാസര്‍കോട്ടെ ഉദുമ ടെക്സ്റ്റൈൽ മിൽ പ്രവർത്തനം ആരംഭിച്ചു. 20 കോടി രൂപ മുതല്‍ മുടക്കില്‍ സംസ്ഥാന ടെക്സ്റ്റൈൽ കോർപറേഷനാണ് മൈലാട്ടിയില്‍ മില്ല് സ്ഥാപിച്ചത്. 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ജില്ലയുടെ സ്വപ്ന പദ്ധതി യാഥാര്‍ധ്യമാകുന്നത്. 2010 ജൂണില്‍ മില്ലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പദ്ധതിക്കായി സെറിഫെഡിന്റെ ഉടമസ്ഥലയിലുള്ള 24 ഏക്കർ സ്ഥലം ടെക്സ്റ്റൈൽ  കോർപറേഷനു കൈമാറി. 2011 ജനുവരി 28നു അന്നത്തെ വ്യവസായ മന്ത്രി ഏളമരിം കരീം മില്ല് ഉദ്ഘാടനം ചെയ്തു. ഇതിനിടെ ജീവനക്കാരെ നിയമിക്കുന്നതിനായി സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ ഏഴുത്ത് പരീക്ഷ നടത്തി റാങ്ക് പട്ടിക തയ്യാറാക്കി. ഈ പട്ടികയില്‍ നിന്നു 14 പേരെ നിയമിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ  മുഴുവൻ നിയമനങ്ങളും  റദ്ദാക്കി. ഇതോടെ മില്ലിന്റെ പ്രവർത്തനവും നിലച്ചു. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെയാണ് മില്ല് തുറക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. യന്ത്രങ്ങള്‍ നവീകരിക്കാനും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുമായി കാസര്‍കോട് പാക്കേജില്‍ നിന്ന് പത്തുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ മില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

11000 സ‌്പിൻഡൽ ശേഷിയുള്ള മില്ലിൽ നിന്നു പ്രതിദിനം 3600 കിലോ നൂല്‍ ഉൽപാദിപ്പിക്കാനാകും. 179 പേർക്കു  നേരിട്ടും ആയിരത്തോളം പേർക്കു  അല്ലാതെയും തൊഴിൽ സാധ്യതയുണ്ട‌്. സഹകരണ മേഖലയിലെ ഏഴു  മില്ലുകൾ, ടെക‌്സ‌്റ്റൈൽ കോർപറേഷന്റെ 4 മില്ലുകൾ, തൃശൂരിലെ സീതാറാം മിൽ എന്നിവിടങ്ങളിലേക്ക‌് നൂൽ നൽകാനാകുമെന്നാണ് പ്രതീക്ഷ. മില്ലിലേക്കാവശ്യമായ പരുത്തി  ആന്ധ്രപ്രദേശിൽ  നിന്നാണ‌്  വാങ്ങുക. നേരത്തെ തയാറാക്കിയ റാങ്ക‌്  പട്ടികയനുസരിച്ചാണ്  ജീവനക്കാരെ നിയമിച്ചത്.