ലോകത്തെ പ്രമുഖ കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമാകാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

ലോകത്തെ പ്രമുഖ കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമാകാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിൻറെ നിർമാണം കപ്പൽശാലയിൽ തുടങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഡ്രൈഡോക്കിൻറെ നിർമാണോദ്ഘാടനം നിർവഹിച്ചു. ആൻഡമാൻ നിക്കോബാറിനുവേണ്ടി കൊച്ചി കപ്പൽശാലയിൽ നിർമിച്ച രണ്ടു കപ്പലുകൾ ചടങ്ങിൽ നീറ്റിലിറക്കി. 

1799 കോടി രൂപ ചെലവഴിച്ചാണ് 310 മീറ്റർ നീളവും 75 മീറ്റർ വീതിയുമുള്ള പുതിയ ഡ്രൈഡോക്ക് കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്നത്. 13 മീറ്റർ ആഴത്തിൽ നിർമിക്ുന്ന ഡ്രൈഡോക്കിൽ ഒന്പതര മീറ്റർ ഉയരത്തിൽ വെള്ളം നിറയ്ക്കാനാകും. ഈ ഡോക്കിൻറെ നിർമാണം പൂർത്തിയാകുന്നതോടെ വന്പൻ വിമാന വാഹനികപ്പലകളും എൽഎൻജി ടാങ്കറുകളും അടക്കമുള്ള പടുകൂറ്റൻ കപ്പലുകൾ ഇവിടെ നിർമിക്കാനാകും. ലോകത്തെ തന്നെ പ്രമുഖ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമായും കൊച്ചി മാറും. ആഗോള കപ്പൽ വ്യവസായ മേഖലയിൽ ഇന്ത്യുടെ പങ്കാളിത്തം ദശാംശം നാലു ശതമാനത്തിൽ നിന്ന് രണ്ടു ശതമാനത്തിലേക്ക് എത്തിക്കാനും ഈ ഡോക്കിന് കഴിയും. രണ്ടായിരത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങളും ലഭിക്കും.

ആൻഡമാൻ നിക്കോബർ അഡ്മിനിസ്ട്രേഷനായി നിർമിക്കുന്ന നാലു യാത്ര കപ്പലുകളിൽ രണ്ടെണ്ണത്തിൻറെ നീറ്റിലറക്കൽ ചടങ്ങും നിർവഹിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഭാര്യ കാഞ്ചൻ ഗഡ്കരിയാണ് കപ്പലുകൾ നീറ്റിലിറക്കിയത്. അഞ്ഞൂറു യാത്രക്കാരെയും നൂറ്റന്പത് ടൺ ചരക്കും വഹിക്കാൻ ശേഷിയുള്ളതാണ് ഈ കപ്പലുകൾ. 2016 മാർച്ചിലാണഅ ഈ യാത്രക്കപ്പലുകളുടെ നിർമാണം കൊച്ചി കപ്പൽ ശാലയിൽ ആരംഭിച്ചത്. അടുത്തവർഷം ജൂലൈ, ഡിസംബർ മാസങ്ങളിലായി ഈ കപ്പലുകൾ ആൻഡമാൻ നിക്കോബർ അഡ്മിനിസ്ട്രേഷന് കൈമാറും.നിർമാണം പൂർത്തിയാകുമ്പോൾ  ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കാകും ഇത്.