പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ഡ്രോണുകള്‍ പ്രയോജനപ്പെടുത്തും

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ഡ്രോണുകള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍. റോഡുകളുടെ നിര്‍മാണവും പരിപാലനവും കാര്യക്ഷമമാക്കുന്നതിലടക്കം ഡ്രോണുകള്‍ ഉപയോഗിച്ചുള്ള മാപ്പിങ് നടത്തണമെന്ന യു.എന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഇക്കാര്യങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന സ്വതന്ത്ര ഡ്രോണ്‍ മാതൃകകള്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ കേന്ദ്രമായ ഐസിഫോസ് പുറത്തിറക്കി.

ഐ.ടി വകുപ്പിന് കീഴിലുള്ള ഐസിഫോസ് വെറും പതിനയ്യായിരം രൂപ ചെലവില്‍ നിര്‍മിച്ചതാണ് ഈ ഫ്ളൈയിങ് വിങ് ഡ്രോണ്‍. 400 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കും. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വാക്സിന്‍ എത്തിക്കുന്നതിന് ഉപയോഗിക്കാറുണ്ട്. ഇത്തരം ഡ്രോണുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഐസിഫോസ്. ഭൂമിയുടെ സര്‍വേ, തദ്ദേശസ്ഥാപനങ്ങളുടെ ആസൂത്രണം, കയ്യേറ്റം കണ്ടെത്തല്‍, വൈദ്യുതിപ്രസരണ ലൈനുകളിലെ തകരാറുകള്‍ കണ്ടെത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് യു.എന്‍ തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അനാലിസിസ് റിപ്പോര്‍ട്ടില്‍ ഈ നിര്‍ദേശമുണ്ട്.

കുറഞ്ഞ ചെലവില്‍ പൊതുജനത്തിന് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ക്ക് ഡ്രോണുകള്‍ ലഭ്യമാക്കുന്നതിനാണ് ശ്രമം. ഇതിനായി ഓപ്പണ്‍ ഡ്രോണ്‍ കമ്യൂണിറ്റി എന്ന കൂട്ടായ്മയും രൂപീകരിച്ചു. പ്രളയം പോലുള്ള സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് മരുന്നും അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നതിനുള്ള ഡെലിവറി ഡ്രോണുകള്‍ക്കു വേണ്ട സ്വതന്ത്രസാങ്കേതിക വിദ്യയും വികസിപ്പിക്കും.