പ്രളയദുരിതം; ഇൻഷുറൻസ് ബാധ്യതകളിൽ വലഞ്ഞ് പൊതുമേഖലാ കമ്പനികൾ

പ്രളയ ദുരിതത്തിലുണ്ടായ ഇന്‍ഷ്വറന്‍സ് ബാധ്യത കൂടുതല്‍ വലയ്ക്കുന്നത് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികളെ. രണ്ടായിരം കോടിയോളം രൂപയാണ് ഇന്‍ഷ്വറന്‍സ് ഇനത്തില്‍ കമ്പനികള്‍ക്ക് നല്‍കേണ്ടിവന്നത്. 

കേരളത്തില്‍ കൂടുതല്‍ പ്രചാരം പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കാണെന്നതുതന്നെയാണ് ഇവയുടെ ബാധ്യത കൂട്ടിയത്. രണ്ടായിരം കോടി ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കേണ്ടിവന്നത് തുച്ഛമായ തുക മാത്രം. രണ്ടാംപാദ ഫലം പ്രഖ്യാപിച്ച ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സിന് ആകെ ബാധ്യത 25 കോടി രൂപ. 

ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന് ക്ലെയിം നല്‍കേണ്ടിവന്നത് 63 കോടി. മറ്റുകമ്പനികള്‍ക്കാകട്ടെ നാമമാത്രമായ തുകയും. രണ്ടായിരം കോടിയുടെ ക്ലെയിമുകളില്‍ ഭൂരിഭാഗവും വാഹന ഇന്‍ഷുറന്‍സ് ഇനത്തിലാണ് നല്‍കേണ്ടിവന്നത്. ദിവസങ്ങള്‍ നീണ്ട മഴയിലും പ്രളയത്തിലും അഞ്ഞൂറോളം പേര്‍ മരിച്ചപ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിമുകളെത്തിയത് വിരലിലെണ്ണാവുന്നത് മാത്രമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നു. 

കേരളത്തില്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ആകെ രണ്ടായിരം കോടിയുടേതായിരുന്നെങ്കില്‍, 2015ല്‍ ചെന്നൈയിലെ പ്രളയത്തില്‍ അയ്യായിരം കോടിയാണ് കമ്പനികള്‍ക്ക് ബാധ്യത വന്നത്. ഇവിടെയും യുണൈറ്റഡ‍് ഇന്ത്യാ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളാണ് വലഞ്ഞത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായ പ്രകൃതിക്ഷോഭങ്ങളില്‍ ഇരുപതിനായിരം കോടിയോളം രൂപ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കേണ്ടിവന്നിട്ടുണ്ട്.