ഉണക്കമീൻ വിപണിയിലെത്തിക്കാൻ ഫിഷറീസിന്റെ പദ്ധതി

ഗുണമേൻമയുളള ഉണക്കമീൻ ഫിഷറീസ് വകുപ്പ് വിപണിയിലെത്തിക്കുന്നു. മൽസ്യത്തൊഴിലാളി സ്ത്രീകളുടെ സംരംഭക ഗ്രൂപ്പുകളിൽ തയാറാക്കിയ ആറ് തരം ഉണക്കമീനുകളാണ് ആദ്യ ഘട്ടത്തിൽ വിപണിയിലെത്തിക്കുന്നത്. ഉണക്കമീനുകളുടെ വിപണനോദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ കൊച്ചിയിൽ നിർവഹിച്ചു

ചെമ്മീൻ, മുള്ളൻ, സ്രാവ്, കടൽവരാൽ, നങ്ക്, കൊഴുവ എന്നിങ്ങനെ ആറ് തരം ഉണക്കമീനുകൾ. ഒമ്പത് തീരദേശ ജില്ലകളിലെ 145 തീരമൈത്രി സംരംഭക ഗ്രൂപ്പുകളാണ് ഇത് തയാറാക്കുന്നത്.  വിപണിയിലെത്തിക്കുന്നതാകട്ടെ ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫും.  

ആവശ്യക്കാർക്ക് ന്യായമായ വിലയ്ക്ക് സുരക്ഷിതമായി ഉണക്കമീനുകൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക്  കൈത്താങ്ങാകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. പ്രവർത്തനം പച്ചമീനുകളിലേക്ക് കൂടി വിപുലീകരിക്കരിക്കാനും പദ്ധതിയുണ്ട്. അടുത്ത ആറ് മാസം കൊണ്ട് കേരളത്തിലങ്ങോളമുള്ള സൂപ്പർ മാർക്കറ്റുകളിലേക്ക് ഇവ എത്തിക്കുകയാണ് ഫിഷറീസ് വകുപ്പിന്റെ ലക്ഷ്യം.