ചെറുകിട വായ്പയിൽ മുന്നിൽ മൂന്ന് സംസ്ഥാനങ്ങള്‍

രാജ്യത്തെ ചെറുകിട വായ്പകളുടെ നാല്‍പതുശതമാനവും കൈയാളുന്നത് മൂന്ന് സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് വായ്പകളുടെ ഭൂരിഭാഗവും വിതരണം ചെയ്യപ്പെടുന്നതെന്ന് സിബിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  

ജനസംഖ്യയുടെ ഇരുപത് ശതമാനം മാത്രമാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലുള്ളത്. എന്നാല്‍ വായ്പയെടുക്കുന്നവരില്‍ 32 ശതമാനവും ഇവിടങ്ങളില്‍ നിന്നുള്ളവരാണ്. ജൂണ്‍ മാസത്തെ കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ അഞ്ചുലക്ഷത്തി അന്‍പതിനായിരം കോടി രൂപയുടെ വായ്പകളാണ് തിരിച്ചടയ്ക്കാനുള്ളത്. രാജ്യത്താകെയുള്ള ചെറുകിട വായ്പാതിരിച്ചടവിന്റെ ഇരുപത് ശതമാനം വരുമിത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ രണ്ടുലക്ഷത്തി എഴുപത്തേഴായിരം കോടി രൂപയാണ് വായ്പാ തിരിച്ചവ് ഉള്ളത്. തൊട്ടുപിന്നില്‍ രണ്ടുലക്ഷത്തി ഏഴുപത്തിനാലായിരം കോടി രൂപയുള്ള കര്‍ണാടകവും.

സാമ്പത്തിക വളര്‍ച്ചയും നഗരവല്‍ക്കരണവുമാണ് ഈ സംസ്ഥാനങ്ങളില്‍ വായ്പാ വിതരണം മെച്ചപ്പെടാന്‍ കാരണമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ചലനങ്ങളുണ്ടാകുന്നതും ഇവിടങ്ങളില്‍ തന്നെ. അതിനാല്‍ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന‍് സാമ്പത്തിക സ്രോതസുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതും നഗങ്ങളിലുള്ളവരാണ്. സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ചെറുകിട വായ്പാവിതരണം 27 ശതമാനം കണ്ട് മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. വ്യക്തിഗത വായ്പകള്‍ 43 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ 42 ശതമാനവും തിരിച്ചടയ്ക്കാനുണ്ട്.