സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് നേരിയ തോതിൽ വര്‍ധിപ്പിച്ചു; മച്വറിങ് കാലവധി കുറച്ചു

നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, പബ്ലിക് പ്രോവിഡന്റ് ഫണ്ട് ഉള്‍പ്പെടെയുള്ള ചെറുകിട സേവിങ്സ് പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ പോയിന്റ് നാല് ശതമാനമാണ് പലിശ കൂട്ടിയത്.  

ചെറുകിട സേവിങ്സ് പദ്ധതികള്‍ക്ക് ഓരോ പാദങ്ങളുടെ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് കണക്കാക്കുന്നത്. ധനമന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം അഞ്ചുവര്‍ഷ കാലാവധിയുള്ള, ടേം ഡെപോസിറ്റിന് പലിശ 7.8 ശതമാനമായി കൂടി. റെക്കറിങ് ഡെപോസിറ്റിന് 7.3 ശതമാനവും മുതിര്‍ന്ന പൗരന്മാരുടെേതിന് 8.7 ശതമാനമാകും. പബ്ലിക് പ്രോവിഡന്റ് ഫണ്ടിനും നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിനും 7.6 ശതമാനമായിരുന്ന പലിശ 8 ശതമാനമാകും. കിസാന്‍ വികാസ് പത്രയ്ക്ക് 7.7 ശതമാനമാകും. 

ഇവയുടെ മച്വറിങ് കാലവധി 118 മാസമായിരുന്നത് 112 മാസങ്ങളായി കുറയുകയും ചെയ്യും. പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി അവതരിപ്പിച്ച സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ക്ക് പലിശ 8.5 ശതമാനമായി. ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പോയിന്റ് മൂന്നുശതമാനമാണ് പലിശ കൂടിയത്.