'ആരോപണം അടിസ്ഥാനരഹിതം, കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല'; മെഹുൽ‌ ചോക്സി

പഞ്ചാബ് നാഷണൽബാങ്ക് തട്ടിപ്പുകേസിൽ, കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗീതാഞ്ജലി ഗ്രൂപ്പ് ഉടമ മെഹുൽ‌ചോക്സി. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനരഹിതമായ കുറ്റങ്ങളാണെന്നും, സ്വത്തുക്കൾ കണ്ടുകെട്ടിയത് നിയമപ്രകാരമല്ലെന്നും ചോക്സി പറയുന്നു. തട്ടിപ്പ് പുറത്തുവന്നശേഷം ആദ്യമായാണ് പ്രതികരണം.

പിഎൻബി വായ്പാതട്ടിപ്പിന് ശേഷം വിദേശത്തേക്ക് കടന്ന നിരവ് മോദിയേയും മെഹുൽചോക്സിയെയും തിരികെയെത്തിക്കാൻ അന്വേഷണസംഘം ശ്രമം തുടരുന്നതിനിടെയാണ് ചോക്സിയുടെ മറുപടി. എൻഫോഴ്സ്മെൻറ് തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. തൻറെ സ്വത്തുക്കൾ കണ്ടുകെട്ടിയത് നിയമവിരുദ്ധം. സുരക്ഷാഭീഷണിയെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ പാസ്പോർട്ട് സസ്പെൻഡ് ചെയ്തത് എന്തിനെന്ന് മനസിലാകുന്നില്ല. പാസ്പോർട്ട് എങ്ങനെ രാജ്യത്തിന് സുരക്ഷാഭീഷണിയാകും. ചോക്സി ചോദിക്കുന്നു

ബിസിനസ് മെച്ചപ്പെടുത്താനാണ് കരീബിയൻ രാജ്യമായ ആൻറ്വിഗ അംഗത്വം എടുത്തതെന്നും, ഇപ്പോഴത്തെ പ്രതിസന്ധിയിൽ അവർ തന്നെ തുണയ്ക്കുമെന്ന് കരുതുന്നതായും ചോക്സി അഭിപ്രായപ്പെട്ടിരുന്നു. ചോക്സിയെ തിരികെകൊണ്ടുവരാൻ സിബിഐ ഇൻറർപോളിറെ സഹായംതേടിയിട്ടുണ്ട്.