ഒറ്റ ചാർജിൽ താണ്ടുന്നത് 100 കിലോമീറ്റർ; വൈദ്യുത സ്‌കൂട്ടറുമായി പിയാജിയോ

വൈദ്യുത സ്കൂട്ടറായ ‘ഇലക്ട്രിക്ക’യുടെ ഉൽപ്പാദനം ആരംഭിക്കാൻ ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊ ഗ്രൂപ് ഒരുങ്ങുന്നു. ഒറ്റ ചാർജിൽ 100 കിലോമീറ്റർ താണ്ടുന്ന വൈദ്യുത സ്കൂട്ടർ ഇറ്റലിയിലെ പീസിയലുള്ള പോണ്ടെഡെറ ശാലയിലാവും ഈ മാസം മുതൽ  ‘വെസ്പ’ നിർമിക്കുക. ഒക്ടോബറോടെ ‘ഇലക്ട്രിക്ക’യ്ക്കുള്ള ബുക്കിങ്ങുകൾ സ്വീകരിക്കാനും പിയാജിയൊ ഒരുങ്ങുന്നുണ്ട്. നവംബറിൽ മിലാനിൽ ഇ ഐ സി എം എ പ്രദർശനത്തിനു മുന്നോടിയായി ‘ഇലക്ട്രിക്ക’യ്ക്കുള്ള പരസ്യ പ്രചാരണം ആരംഭിക്കുമെന്നും പിയാജിയൊ പ്രഖ്യാപിച്ചു. 

അടുത്ത വർഷം ആദ്യത്തോടെ യൂറോപ്പിൽ ‘ഇലക്ട്രിക്ക’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ; പിന്നാലെ യു എസിലും ഏഷ്യയിലും സ്കൂട്ടർ ലഭ്യമാവും.‘ഇലക്ട്രിക്ക’യ്ക്കു കരുത്തേകുന്നത് നാലു കിലോവാട്ട് ശേഷിയുള്ള വൈദ്യുത മോട്ടോറാണ്; ഒറ്റത്തവണ ചാർജ് ചെയ്താൽ സ്കൂട്ടർ 100 കിലോമീറ്റർ ഓടുമെന്നാണു പിയാജിയൊയുടെ അവകാശവാദം. സ്കൂട്ടറിൽ രണ്ടു കിലോവാട്ട് കണ്ടിന്വസ് പവർ മോഡും നാലു കിലോവാട്ട് പരമാവധി കരുത്തുമാണു പിയാജിയൊ ലഭ്യമാക്കുന്നത്; ഇതോടെ 50 സി സി എൻജിനുള്ള പരമ്പരാഗത സ്കൂട്ടറിനേക്കാൾ മികച്ച പ്രകടനമാണ് ‘ഇലക്ട്രിക്ക’യിൽ പിയാജിയൊയുടെ വാഗ്ദാനം. ഇതോടൊപ്പം പെട്രോളിന്റെ കരുത്തുള്ള റേഞ്ച് എക്സ്റ്റൻഡർ സഹിതമുള്ള ‘ഇലക്ട്രിക്ക എക്സ്’ എന്ന മോഡലും പിയാജിയൊ പുറത്തിറക്കുന്നുണ്ട്. ഇതോടെ സ്കൂട്ടറിന്റെ യാത്രാദൂരം 200 കിലോമീറ്ററായി ഉയരും. സാധാരണ സോക്കറ്റിൽ നാലു മണിക്കൂർ സമയം കൊണ്ടാണു സ്കൂട്ടറിലെ ബാറ്ററി പൂർണ തോതിൽ ചാർജാവുക. 

2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെസ്പ ഇലട്രിക്കയെ പിയാജിയോ മറയ്ക്ക് പുറത്ത് അവതരിപ്പിച്ചത്. ഇക്കോ, പവര്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകളാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ പിയാജിയോ ലഭ്യമാക്കുന്നത്. പരമ്പരാഗത ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനു പകരം 4.3 ഇഞ്ച്, ടി എഫ് ടി കളർ ഡിസ്പ്ലേയാവും ‘ഇലക്ട്രിക്ക’യിൽ ഇടംപിടിക്കുക. വേഗം, റേഞ്ച്, ബാറ്ററി ചാർജ് തുടങ്ങിയ വിവരങ്ങളാണ് ഇതിൽ ദൃശ്യമാവുക. ബ്ലൂടൂത്ത്, സ്മാർട്ഫോൺ കണക്ടിവിറ്റിക്കായി വെസ്പ ഇലക്ട്രിക്ക ആപ്ലിക്കേഷനും കമ്പനി അവതരിപ്പിക്കുന്നുണ്ട്. സ്കൂട്ടറിന്റെ പ്രവർത്തനത്തിൽ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും ഈ ആപ്ലിക്കേഷനാവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ ഐ) സജ്ജമായാണ് ‘വെസ്പ ഇലക്ട്രിക്ക’ എത്തുകയെന്നും പിയാജിയൊ വ്യക്തമാക്കുന്നു.