എച്ച് വണ്‍ ബി വിസ പ്രീമിയം പ്രോസസിങ്ങ് നിയന്ത്രണം വീണ്ടും നീട്ടി

എച്ച് വണ്‍ ബി വിസയുടെ പ്രീമിയം പ്രോസസിങ്ങിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അമേരിക്ക വീണ്ടും നീട്ടി. പ്രത്യേക ഫീസടച്ച്, വീസ നടപടികള്‍ ലഘൂകരിക്കുന്ന സമ്പ്രദായമാണ് പ്രീമിയം പ്രോസസിങ്. ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്ക് തിരിച്ചടിയാകുന്നതാണ് തീരുമാനം.  

ആയിരത്തി ഇരുനൂറ്റി ഇരുപത്തിയഞ്ച് ഡോളര്‍ പ്രത്യേക ഫീസടച്ച്, എച്ച് വണ്‍ ബി വീസയുടെ പ്രോസസിങ് നടപടികള്‍ 15 ദിവസം മുതല്‍ ആറുമാസം വരെ ലഘൂകരിക്കുന്നതാണ് പ്രീമിയം പ്രോസസിങ്. പ്രമീയം പ്രോസസിങ്ങിലൂടെ നിരവധി കമ്പനികള്‍ തങ്ങളുടെ റിക്രൂട്മെന്റ് വേഗത്തിലാക്കിയിരുന്നു. എന്നാല്‍ വീസ അപേക്ഷകള്‍ കുന്നുകൂടുന്നത് തടയുന്നതിനുവേണ്ടി കഴിഞ്ഞ മാര്‍ച്ചില്‍ പ്രീമിയം പ്രോസസിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇത് അടുത്ത വര്‍ഷം ഫെബ്രുവരിവരെ നീട്ടിക്കൊണ്ടാണ് അമേരിക്കന്‍ പൗരത്വ, ഇമിഗ്രേഷന്‍ സര്‍വീസസ് വിഭാഗം ഉത്തരവിറക്കിയത്. കൂടുതല്‍ വിഭാഗങ്ങള്‍ക്കുകൂടി ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. 

പ്രീമിയം പ്രോസസിങ്ങിലൂടെ വീസ അപേക്ഷ സമര്‍പ്പിച്ചാല്‍ ഇമിഗ്രേഷന്‍ വിഭാഗം 15 ദിവസത്തിനുള്ളില്‍ പ്രതികരിക്കണം. എന്നാല്‍ കഴിഞ്ഞ ഏതാനുംമാസങ്ങളായി ഇത്തരത്തിലുള്ള അപേക്ഷകള്‍ ഇരട്ടിച്ചു. ഇതോടെ വീസ നടപടിക്രമങ്ങള്‍ അവതാളത്തിലായെന്ന് ഇമിഗ്രേഷഷന്‍ വിഭാഗം വ്യക്തമാക്കി. 240 ദിവസങ്ങള്‍ വരെ പഴക്കമുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. എച്ച് വണ്‍ ബി വീസ പ്രകാരം മൂന്നുവര്‍ഷത്തേക്കാണ് അമേരിക്കയില്‍ തൊഴില്‍ അനുമതി ലഭിക്കുന്നത്. ഇത് പരമാവധി ആറു വര്‍ഷം വരെ നീട്ടാം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ, ഉന്നത വിദ്യാഭ്യാസം നേടിയ  22 ലക്ഷം ഇന്ത്യക്കാരാണ് എച്ച് വണ്‍ ബി വീസയ്ക്ക് അപേക്ഷിച്ചത്.