വരുന്നൂ 5ജി; രണ്ടുവർഷത്തിനുള്ളിൽ സേവനം ലഭ്യമാകുമെന്ന് ടെലികോം സെക്രട്ടറി

രാജ്യത്ത് ഫൈവ് ജി സേവനങ്ങള്‍ 2022ഓടെയെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാകും അവതരിപ്പിക്കുക. മറ്റ് ഏഷ്യന്‍ രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിലായിരിക്കും സേവനങ്ങളെന്നും അരുണ സുന്ദരരാജന്‍ പറഞ്ഞു 

ഏഷ്യന്‍ രാജ്യങ്ങളില്‍ ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഫൈവ് ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങും. ഇന്ത്യയില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുങ്ങിവരുന്നതേയുള്ളൂവെന്ന് അരുണ സുന്ദര രാജന്‍ പറഞ്ഞു. ഡിമാന്‍ഡ് അനുസരിച്ചായിരിക്കും ഫൈവ് ജി ലഭ്യമാക്കുക. 

വ്യവസായങ്ങള്‍ ഇതിനനുസരിച്ച് നിലവാരം മെച്ചപ്പെടുത്തേണ്ടിവരും. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയനുസരിച്ച് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാപകമാക്കുന്നതിനും സ്മാര്‍ട്ട് സിറ്റി ഉദ്യമങ്ങള്‍ക്കും പ്രയോജനകരമാകുന്നതായിരിക്കും ഫൈവ് ജി സേവനങ്ങള്‍. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുങ്ങാന്‍ ചുരുങ്ങിയത് നാല് വര്‍ഷമെങ്കിലുമെടുക്കുമെന്ന് ടെലികോം സെക്രട്ടറി വ്യക്തമാക്കി. 

വമ്പന്‍ കണക്ടിവിറ്റി ഉറപ്പാക്കുന്ന ഫൈവ് ജിക്ക് കുറഞ്ഞ വൈദ്യുതച്ചെലവ് മാത്രം മതിയാകും. സ്വയം നിയന്ത്രിത വാഹനങ്ങളും ഡ്രോണുകളും നിര്‍മിക്കാനും വിദൂരത്തിരുന്ന് സര്‍ജറികള്‍ നടത്താനും ട്രാഫിക്ക് നിയന്ത്രിക്കാനും ഫൈവ് ജി സഹായകമാകും.  

2019 മാര്‍ച്ചോടെ ദക്ഷിണ കൊറിയയും അക്കൊല്ലം അവസാനത്തോടെ ജപ്പാനും 2020ഓടെ ചൈനയും ഫൈവ് ജി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലും 2020ലാണ് ഫൈവ് ജി ലഭിക്കുക. ഫെബ്രുവരിയില്‍ നടന്ന ശൈത്യകാല ഒളിമ്പിക്സിനിടെ സ്വയം ഓടുന്ന കാറുകളും വെര്‍ച്വല്‍ റിയാലിറ്റി ഗെയ്മുകളും അവതരിപ്പിച്ച് ദക്ഷിണ കൊറിയ ഫൈവ് ജി പരീക്ഷിച്ചിരുന്നു. 

അതേസമയം, ഫൈവ് ജി സേവനങ്ങള്‍ ഉറപ്പാക്കണമെങ്കില്‍ രാജ്യത്തെ ഫൈബര്‍ നെറ്റ്‌വര്‍ക്ക് ഇരട്ടിയാക്കേണ്ടിവരും. നിലവില്‍ പത്തരലക്ഷം കിലോമീറ്ററാണ് ഇന്ത്യയിലെ ഫൈബര്‍ നെറ്റ്‌വര്‍ക്ക്.