കേരളത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് എയര്‍ബസ്

കേരളത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് വിമാനനിര്‍മാണ കമ്പനിയായ എയര്‍ബസ്.  എയര്‍ബസിന്റെ ഉപസ്ഥാപനമായ ബിസ് ലാബിന്റെ മേധാവികള്‍ സംസ്ഥാനത്തെത്തി ഐ.ടി.സെക്രട്ടറിയുമായും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരുമായും ചര്‍ച്ചനടത്തി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസ് ലാബിന്റെ പിന്തുണ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

വ്യോമയാനമേഖലയില്‍  പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്ററിങ്ങും പിന്തുണയും നല്‍കുന്നതിനായി എയര്‍ബസ് തുടങ്ങിയതാണ് ബിസ് ലാബ്. ലോകത്ത് ആകെ നാല് ബിസ് ലാബുകളാണുള്ളത്. അതില്‍ ഒരെണ്ണം ബെംഗളൂരുവിലാണ്. ബിസ് ലാബിന്റെ തലവന്‍ ബ്രൂണോ ഗുട്ടീറെസും ഇന്ത്യയിലെ മേധാവി സിദ്ധാര്‍ഥ് ബാലചന്ദ്രനുമാണ് ഈ മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി എത്തിയത്. സെക്രട്ടേറിയറ്റിലെത്തി ഐ.ടി സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതിനുശേഷം സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു.

സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും ടെക്നോപാര്‍ക്കിനെ കുറിച്ചും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും വിശദീകരിച്ചു. കേരളത്തിലേക്ക് ബിസ് ലാബിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചാലുള്ള നേട്ടങ്ങളും ചര്‍ച്ചയായി. കേരളത്തിലുള്ള ഐ.എസ്.ആര്‍.ഒ യൂണിറ്റുകളെപറ്റിയും വിശദീകരിച്ചു. വൈകുന്നേരത്തോടെ മടങ്ങിയ ബിസ് ലാബ് സംഘം അവരുടെ ആസ്ഥാനമായ ഫ്രാന്‍സിലെ ടുളൂസിലെത്തിയ ശേഷമേ കേരളത്തിലെ നിക്ഷേപം സംബന്ധിച്ച് തീരുമാനമുണ്ടാകൂ.  

സംസ്ഥാനത്തെ വ്യോമയാന, എയ്റോസ്പേസ് മേഖലകളുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസ് ലാബിന്റെ സഹായം ലഭ്യമാക്കുന്നതിനുള്ള ശ്രമമാണ് ഐ.ടിവകുപ്പ് നടത്തുന്നത്. കഴിഞ്ഞയാഴ്ച ബെംഗളുരുവില്‍ വച്ച് ബിസ് ലാബുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ബിസ് ലാബ് സംഘം കേരളത്തിലെത്തിയത്.