നഷ്ടത്തിലോടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടലിലേയ്ക്ക്

മോശം പ്രവര്‍ത്തനഫലമുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ നീതി ആയോഗ് വേഗത്തിലാക്കുന്നു. ഇതിനായി ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. നഷ്ടത്തിലോടുന്ന മുപ്പതോളം സ്ഥാപനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയിലുള്ളത്. 

നഷ്ടത്തിലോടുന്ന മുപ്പത് സ്ഥാപനങ്ങളില്‍ ഏഴെണ്ണം പൂട്ടാന്‍ കേന്ദ്ര ക്യാബിനറ്റ് അനുമതി നല്‍കിക്കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ കേബിള്‍, ടയര്‍ കോര്‍പറേഷന്‍, എച്ച്എംടി വാച്ചസ്, ബേഡ്സ് ജൂട്ട് ആന്‍ഡ് എക്സ്പോര്‍ട് ലിമിറ്റഡ്, കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍ എന്നിവ ഈ ഏഴില്‍ ഉള്‍പ്പെടുന്നു. സമയബന്ധിതമായി ഇവ പൂട്ടുന്നതിന് സ്ഥാപനങ്ങളുടെ ബോര്‍ഡ് നടപടിയെടുത്തില്ലെങ്കിൽ ്നീതി ആയോഗിന്റെ പ്രത്യേക കമ്മിറ്റി ഇടപെട്ട് ബോര്‍ഡ് പിരിച്ചുവിടും. 

നിയമപരമായ തടസങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന് നീതി ആയോഗിനെ സമീപിക്കാം. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വായ്പാ കുടിശ്ശിക തീര്‍ക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂട്ടിപ്പോകുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂമി വില്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രദേശങ്ങളിലെ അവസാന മൂന്നുവര്‍ഷത്തെ സ്ഥലവിലയില്‍ നിന്ന് വില്‍ക്കേണ്ട ഭൂമിയുടെ വില കണക്കാക്കി ഇ ഓക്ഷന്‍ നടത്താമെന്നാണ് ധാരണ. സര്‍ക്കാരിനുകീഴിലുള്ള എംഎസ്ടിസി ലിമിറ്റഡിനാണ് ഇ ഓക്ഷന്‍ ചുമതല.