ജീവനക്കാരുടെ സമരം: ബാങ്കിങ് മേഖല നിശ്ചലമായി

ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്കിനെത്തുടര്‍ന്ന് ബാങ്കിങ് മേഖല നിശ്ചലമായി.  ശമ്പള പരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ സമരത്തിന് ആഹ്വാനം ചെയ്തത്. അതേസമയം ഒണ്‍ലൈന്‍ ഇടപാടുകള്‍ മുടങ്ങിയില്ല.

21 പൊതുമേഖലാ ബാങ്കുകളിലെ പത്ത് ലക്ഷം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇതോടെ രാജ്യത്തെ ഒരു ലക്ഷത്തിലധികം ബാങ്ക് ശാഖകളും സംസ്ഥാനത്തെ 6500 ശാഖകളും അടഞ്ഞു കിടക്കുകയാണ്.  ഒണ്‍ലൈന്‍ ഇടപാടുകളെ സമരം ബാധിക്കില്ലെങ്കിലും എടിഎമ്മുകള്‍ കാലിയാകും. ജോലി ഭാരം ഏറെ വര്‍ധിച്ചിട്ടും ആറു വര്‍ഷം മുമ്പുള്ള വേതനക്കരാര്‍ പുതുക്കിയില്ലെന്നാണ് പ്രധാന പരാതി. 

സഹകരണ, ഗ്രാമീണ ബാങ്കുകള്‍ സമരത്തിനില്ല. ചെക്ക് ക്ലിയറന്‍സ് വൈകുന്നതൊഴിച്ചാല്‍ ഐസിഐസിഐ, ആക്സിസ് ഉള്‍പ്പെടെയുള്ള സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനം  പതിവു പോലെയായിരിക്കും.  ശമ്പള പരിഷ്ക്കരണം സംബന്ധിച്ച് മുഖ്യ ലേബര്‍ കമ്മീഷണറുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.