വിമാന സര്‍വീസ് റദ്ദാക്കിയാല്‍ യാത്രക്കാരന് തുക തിരികെനല്‍കാൻ നിര്‍ദേശം

വിമാനകമ്പനികള്‍ സര്‍വീസ് റദ്ദാക്കിയാല്‍ യാത്രക്കാരന് മുഴുവന്‍ തുകയും തിരികെനല്‍കണമെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയം. നാലുമണിക്കൂറിലധികം വിമാനം വൈകിയാലും യാത്രക്കാരന് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന വിമാനയാത്രാമാര്‍ഗനിര്‍ദേശങ്ങളുടെ കരട്, മന്ത്രാലയം പുറത്തിറക്കി. കരടിന്മേല്‍ പൊതുജനങ്ങള്‍ക്കും ഭേതഗതികള്‍ നിര്‍ദേശിക്കാനായി അവസരമുണ്ട്.

മുന്‍കൂട്ടി അറിയിക്കാതെ സര്‍വീസുകള്‍ റദ്ദാക്കുന്ന വിമാനകമ്പനികളുടെ നടപടിക്കാണ് കേന്ദ്രവ്യോമയാനമന്ത്രാലയം മൂക്കുകയറിട്ടത്. കമ്പനികളുടെ പിടിപ്പുകേടുകൊണ്ട് വിമാനം റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും യാത്രക്കാരന് തിരികെ നല്‍കണമെന്ന് വിമാനയാത്രാമാര്‍ഗ നിര്‍ദേശങ്ങളുടെ കരടില്‍ വ്യവസ്ഥചെയ്യുന്നു. സര്‍വീസ് അനിശ്ചിതമായ വൈകുന്ന സാഹചര്യത്തിലും നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ബുക്കിങിനുശേഷം 24 മണിക്കൂറിനകം ടിക്കറ്റ് റദ്ദാക്കിയാല്‍ പിഴ ചുമത്തരുത്. എന്തെങ്കിലും കാരണത്താല്‍ നാലുദിവസത്തിന് അപ്പുറത്തേക്ക് സര്‍വീസ് മാറ്റിവെയ്ക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റിന്‍റെ മുഴുവന്‍ പണവും യാത്രക്കാര്‍ക്ക് നല്‍ണം.

ഇന്ത്യയുടെ ആകാശപരിധിയില്‍ യാത്രക്കാര്‍ക്ക് ഫോണ്‍ ചെയ്യാനും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനും സൗകര്യം നല്‍കുന്നു. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്ക് ഇത് ബാധകമാണ്. വിമാനങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി ടെലികോം കമ്മിഷന്‍റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. യാത്രക്കാരുടെ അസൗകര്യങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹരിക്കാനായി എയര്‍സേവ അപ്പും മന്ത്രാലയം പുറത്തിറക്കും.