കറൻസി അവധി വ്യാപാരം മൂന്നു മണിക്കൂർ കൂടി നീട്ടിയേക്കും

കറന്‍സി അവധി വ്യാപാരം മൂന്നു മണിക്കൂര്‍ കൂടി നീട്ടിയേക്കും. രാത്രി എട്ടുമണിവരെ വ്യാപാരം അനുവദിക്കുന്നത് സെബിയും റിസര്‍വ് ബാങ്കും പരിശോധിക്കുന്നു. സമയം ദീര്‍ഘിപ്പിക്കണമെന്ന കറന്‍സി എക്സ്ചേഞ്ചുകളുടെ ആവശ്യം പരിഗണിച്ചാണിത്. 

നിലവില്‍ വൈകിട്ട് അഞ്ചുമണിവരെ മാത്രമാണ് കറന്‍സി വ്യാപാരവും കറന്‍സി അവധി വ്യാപാരവും അനുവദിച്ചിരിക്കുന്നത്. അവധി വ്യാപാരം  ദീര്‍ഘിപ്പിക്കണമെന്ന് കഴിഞ്ഞ പത്തുവര്‍ഷമായി എക്സ്ചേഞ്ചുകളും വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്. അഞ്ചുമണിക്കുശേഷമുള്ള വ്യാപാരം രാജ്യാന്തര വിപണികളിലേക്ക് മാറിപ്പോകുന്നത് നിയന്ത്രിക്കാന്‍ വേണ്ടിക്കൂടിയാണ് ഈ ആവശ്യം സെബിയും റിസര്‍വ് ബാങ്കും പരിഗണിക്കുന്നത്. ഡെറിവേറ്റീവുകളിലെ വ്യാപാരം രാജ്യാന്തര വിപണികളിലേക്ക് മാറിപ്പോകുന്നത് തടയാന്‍ ഓഹരികളിലെ അവധി വ്യാപാരം രാത്രി 11.55 വരെ നടത്താന്‍ സെബി കഴിഞ്ഞയാഴ്ച ഓഹരി വിപണികള്‍ക്ക് അനുമതി നല്‍കിയിരുന്നു. 

ഇതിന് സമാനമായ രീതിയിലാണ് കറന്‍സി അവധിവ്യപാരവും പരിഗണിക്കുന്നത്.  ദുബായ് ഗോള്‍ഡ് ആന്‍റ് കമ്മോഡിറ്റി എക്സ്ചേഞ്ച്, സിങ്കപ്പൂര്‍ എക്സ്ചേഞ്ച്, ഇന്‍റര്‍ കോണ്ടിനെന്‍റല്‍ എക്സ്ചേഞ്ച്, ചിക്കാഗോ മെര്‍ക്കന്റൈല്‍ എക്സ്ചേഞ്ച് എന്നിവിടങ്ങളിലാണ് നിലവില്‍ രൂപയുടെ  വ്യാപാരം നടക്കുന്ന രാജ്യാന്തര വിപണികള്‍. ഇന്ത്യന്‍ വിപണികള്‍ ക്ലോസ് ചെയ്ത ശേഷം ഈ വിപണികളില്‍ വ്യാപാരം ഇരട്ടിക്കുകയാണ് പതിവ്.  ഇന്ത്യയില്‍ ബോംബെ സ്റ്റോക്ക് എ‍ക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും മട്രോപോളിറ്റന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലുമാണ് കറന്‍സി അവധി വ്യാപാരം നടക്കുന്നത്. എന്നാല്‍ ഒക്ടോബറില്‍ ആഗോള വിപണിസമയക്രമത്തിലേക്ക് ഇന്ത്യന്‍ വിപണികളും മാറുന്നതോടെ കമ്മോഡിറ്റി എക്സ്ചേഞ്ചുകളിലും കറന്‍സി അവധി വ്യാപാരം അനുവദിക്കും.