താരിഫ് തട്ടിപ്പ്; എയർടെൽ പിഴ നൽകേണ്ടി വരുമെന്ന് ട്രായിയുടെ ശാസന

താരിഫ് പ്ലാനുകളില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഭാരതി എയര്‍ടെലിന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നോട്ടിസ്. പത്തുദിവസത്തിനുള്ളില്‍ താരിഫ് സംബന്ധിച്ച് വ്യക്തതവരുത്തി അറിയിക്കണമെന്ന് എയര്‍ടെലിനോട്/ ട്രായ് നിര്‍ദേശിച്ചു. 

ഒരേ പ്ലാനിലുള്‍പ്പെട്ടവര്‍ക്ക് വ്യത്യസ്ത താരിഫ് നിരക്കുകള്‍ അനുവദിച്ചെന്നായിരുന്നു ഉപഭോക്താക്കള്‍ എയര്‍ടെലിനെതിരെ പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് വിശദീകരണം ചോദിച്ചെങ്കിലും എയര്‍ടെല്‍ അവഗണക്കുകയായിരുന്നെന്ന് ട്രായ് അധികൃതര്‍ അറിയിച്ചു. മറ്റു സേവനദാതാക്കളും ഇത്തരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യുന്നുണ്ടെന്നായിരുന്നു എയര്‍ടെലിന്റെ ഒഴുക്കന്‍ മട്ടിലുള്ള മറുപടി. 

ഈ സാഹചര്യത്തിലാണ് ട്രായ് നോട്ടിസ് നല്‍കിയത്. ഏതെല്ലാം സര്‍ക്കിളുകളിലാണ് പുതിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചത്, എന്നുമുതലാണ്, ഏതെല്ലാം ഉപഭോക്താക്കള്‍ക്കാണ് താരിഫ് ബാധകമാക്കിയത്, ഒരു സര്‍ക്കിളില്‍ എത്രപേര്‍ക്ക് പ്ലാന്‍ ലഭിക്കും തുടങ്ങിയെല്ലാം വിശദീകരിക്കണം. താരിഫ് വിഷയം ടെലികോം തര്‍ക്കപരിഹാര ട്രിബ്യൂണലിനുകീഴിലായതിനാല്‍ അറിയിക്കാന്‍ സാധിക്കില്ലെന്ന എയര്‍ടെലിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ട്രായ് അധികൃതര്‍ പറഞ്ഞു. താരിഫില്‍ തട്ടിപ്പുനടത്തിയാല്‍ പ്രതിദിനം അയ്യായിരം രൂപ കണക്കില്‍ രണ്ടുലക്ഷം രൂപവരെയാണ് പിഴ.