ഓഹരിവിപണി മാതൃകയില്‍ ബാറുമായി ഹൈസിന്ത് ഹോട്ടല്‍

മദ്യത്തിന് ആവശ്യക്കാര്‍ കുറഞ്ഞാല്‍ വില കുറയും, ആവശ്യക്കാര്‍ കൂടിയാല്‍ വില കൂടുകയും ചെയ്യും. തലസ്ഥാന നഗരത്തിലാണ് ഓഹരിവിപണി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ തുറന്നത്.

തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലാണ് ട്രാവന്‍കൂര്‍ ബാര്‍ എക്സ്ചേഞ്ച് എന്ന പുതിയ ആശയത്തിന്റെ ചിയേഴ്സ്. ഓഹരിവിപണിയില്‍ ആവശ്യക്കാര്‍ കൂടുമ്പോള്‍ ഓഹരിയുടെ വില കൂടുന്നതുപോലെ ഇവിടെ ആവശ്യക്കാര്‍ കൂടുതലുള്ള ബ്രാന്‍ഡിന്റെ വില തല്‍സമയം ഉയരും. ആവശ്യക്കാര്‍ കുറവുള്ള ബ്രാന്‍ഡിന്റെ വില കുറയുകയും ചെയ്യും. അടിസ്ഥാനവിലയിലായിരിക്കും ദിവസവും വില്‍പന തുടങ്ങുന്നത്. ഉപഭോക്താക്കളുടെ ഓഡറിന്റെയും അളവിന്റെയും അടിസ്ഥാനത്തില്‍ വില മാറും. ഏതെങ്കിലും ബ്രാന്‍ഡിന്റെ വില കുത്തനെ കുറഞ്ഞാല്‍ സൈറന്‍ മുഴങ്ങും, ബാറിലുള്ള ടിവി സ്ക്രീന്‍ ചുവപ്പുനിറമാകും. വിലനിലവാരം തല്‍സമയം അറിയാന്‍ ട്രാവന്‍കൂര്‍ ബാര്‍ എക്സ്ചേഞ്ച് എന്ന ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിടാം. വില കുറയുന്ന സമയം നോക്കി ബാറിലേക്ക് ഓടാം എന്നര്‍ഥം.

എല്ലാ ബ്രാന്‍ഡുകളുടെയും തല്‍സമയവില ബാറിലെ ടിവി സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. പുകവലിക്കാനായി സ്മോക്കോ എന്ന പേരില്‍ പ്രത്യേക ഇടവുമുണ്ട്.