രാജ്യത്ത് പുതിയ അന്‍പത് ഷോറൂമുകൾകൂടി തുറക്കാൻ ലക്ഷ്യമിട്ട് റോയൽ എൻഫീൽഡ്

അടുത്ത ഒരുമാസത്തിനുള്ളിൽ രാജ്യത്ത് പുതിയ അന്‍പത് ഷോറൂമുകൾകൂടി തുറക്കാൻ ലക്ഷ്യമിട്ട് റോയൽ എൻഫീൽഡ്. എല്ലാനഗരങ്ങളിലും ആറുകിലോമീറ്ററിനുള്ളിൽ സർവീസ് ലഭ്യമാക്കുന്നതിനൊപ്പം, വാഹനബുക്കിങ്ങിലെ കാലതാമസം ഒഴിവാക്കുമെന്നും റോയൽ എൻഫീൽഡ് ഇന്ത്യ ബിസിനസ് ഹെഡ് ഷാജികോശി മനോരമ ന്യൂസിനോട് പറഞ്ഞു. 

റോയൽ എൻഫീൽഡിൻറെ രാജ്യത്തെ 775ാമത്തെയും, സൗത്ത് മുംബൈയിലെ ആദ്യത്തെയും ഷോറും ഉദ്ഘാടനംചെയ്ത ശേഷമാണ് കമ്പനി ലക്ഷ്യമിടുന്ന കണക്കുകളെക്കുറിച്ച് ഇന്ത്യയിലെ ബിസിനസ് ഹെഡ് സംസാരിച്ചത്. കഴിഞ്ഞ ഏതാനുംവർഷങ്ങളായി രാജ്യത്തെ യുവാക്കളിൽ ബുള്ളറ്റുകളോടുള്ള പ്രിയം പതിമടങ്ങായി വർധിച്ചിട്ടുണ്ട്. എന്നാൽ, ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ഉടനടി റോയൽഎൻഫീൽഡിന് വാഹനംഎത്തിക്കാൻ സാധിക്കുന്നില്ല. മാസങ്ങളോളമുള്ള ഈ കാത്തിരിപ്പിന് ഇനി വിരാമമാകുമെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിലെ മൂന്നാമത്തെ പ്ലാൻറുകൂടി തുറന്നതോടെ നിർമാണംകൂടുതലായി. 

രണ്ടുദിവത്തിനിടെ പുതിയ ഒരു ഡീലർഷിപ്പ് എന്ന കണക്കിലാണ് ഷോറൂമുകൾ ഇപ്പോൾ തുറക്കുന്നത്.  മാർച്ച് മാസത്തോടെ ഷോറൂമകളുടെ എണ്ണം 825ആയി വർധിപ്പിക്കുകയാണ് ലക്ഷ്യം. 

മിഡ് സൈസ് സെഗ്മെൻറിൽ ലോകത്തുതന്നെ ഏറ്റവുംമികച്ച വാഹനങ്ങളാണ് റോയൽഎൻഫീൽഡ് അവതരിപ്പിക്കുന്നതെന്നും, 650സിസി പുതിയ മോഡൽ അടുത്ത സാമ്പത്തികവർഷത്തോടെ ഇന്ത്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.