ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കാർഷികമേഖല

പ്രതീക്ഷയുണര്‍ത്തുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കായി കാതോര്‍ക്കുകയാണ് കാര്‍ഷികമേഖല. കൂടുതല്‍ ഇടങ്ങളില്‍ നെല്‍കൃഷിയെന്ന മുന്‍പ്രഖ്യാപനത്തിന് തുടര്‍ച്ചയുണ്ടാവണമെന്നും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നുമാണ് കര്‍ഷകരുടെ പക്ഷം. കാര്‍ഷിക മേഖലയ്ക്കുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുന്നുവെന്ന വിമര്‍ശനവും സംഘടനകള്‍ പങ്കുവയ്ക്കുന്നു 

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള ബജറ്റാവണം സംസ്ഥാനം മുന്നില്‍ കാണേണ്ടതെന്നാണ് നാളികേര കര്‍ഷകര്‍ പറയുന്നത്. നീര ഉല്‍പാദന കമ്പനികള്‍ക്ക് ഗ്രാന്റ് അനുവദിക്കണം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കോക്കനട്ട് സോണിന്റെ തുടര്‍പ്രവര്‍ത്തനത്തിന് പണംവേണം. വന്യമൃഗശല്യം തടയാന്‍ പദ്ധതികള്‍ വേണം. അങ്ങിനെ പോകുന്നു നാളികേര കര്‍ഷകരുടെ ആവശ്യങ്ങള്‍. അപകട സാധ്യതയുള്ള കാര്‍ഷിക മേഖലയായി കുട്ടനാട്ടിലെ നെല്‍കൃഷിയെ പ്രഖ്യാപിക്കാന്‍ നീക്കമുണ്ടാവണമെന്നാണ് മറ്റൊരു ആവശ്യം. 

ഇറക്കുമതിയില്‍ നടുവൊടിഞ്ഞ റബര്‍ കര്‍ഷകര്‍ക്കും പറയാനേറെ നിര്‍ദേശങ്ങളുണ്ട്. അടിസ്ഥാന വില വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസവും നാമമാത്രമായ സഹായപ്രഖ്യാപനങ്ങളും ഇല്ലാതാകണമെന്നും കര്‍ഷകര്‍ ഇക്കുറിയും കൊതിക്കുന്നുണ്ട്