നാളികേര വില വര്‍ധനയിൽ നേട്ടം ലഭിക്കാതെ കര്‍ഷകര്‍

പച്ചതേങ്ങയുടെ വില കുതിച്ചുയര്‍ന്നിട്ടും മെച്ചപ്പെട്ട വിലയുടെ ആനുകൂല്യം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കച്ചവടം കൂടിയതോടെ തേങ്ങയുടെ വരവ് ഏറെയും ഇതരസംസ്ഥാനങ്ങളില്‍നിന്നാണ്. ആഭ്യന്തര വിപണിയില്‍ മികച്ച വിലയുണ്ടായിട്ടും സംഭരിക്കുന്ന നാളികേരത്തിന് ആനുപാതികമായ വില നല്‍കാന്‍ കേരഫെ‍ഡ് ഉള്‍പ്പടെ തയ്യാറായിട്ടുമില്ല. 

വിപണിയില്‍ തേങ്ങ വില അമ്പത് പിന്നിട്ടെങ്കിലും ഉല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് അതിന്റെ പകുതി വിലപോലും ലഭിക്കുന്നില്ല. കേരഫെ‍ഡ് സംഭരിച്ച 25 രൂപയാണ് ഏറ്റവും ഉയര്‍ന്നവില. അതും ഇപ്പോഴില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേകിച്ചും പൊള്ളാച്ചി, മൈസൂര്‍ ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് തേങ്ങ കൂടുതലായും എത്തുന്നത്. ചെറിയ വിലയ്ക്ക്. കേരളത്തിലാണെണെങ്കില്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ് ഇടനിലക്കാര്‍. ഉല്‍പാദനം നന്നേ കുറഞ്ഞതോടെ തെങ്ങുകയറ്റ തൊഴിലാളിക്ക് നല്‍കാന്‍ പോലും കര്‍ഷകരുടെ കയ്യില്‍ കൂലി തികച്ചില്ല. 

ആലപ്പുഴ ജില്ലയിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് കൊമ്മാടിയിലെ തേങ്ങാപുര. ഇവിടെ ഒരു ദിവസം എത്തുന്നത് അഞ്ചു ടണ്ണിനടുത്ത് തേങ്ങയാണ്. എല്ലാം പൊള്ളാച്ചിയില്‍നിന്ന്. ചുരുക്കി പറഞ്ഞാല്‍ ആഭ്യന്തരവിപണിയില്‍ തേങ്ങയ്ക്ക് പൊള്ളുന്ന വിലയുണ്ടായിട്ടും കേരളത്തിലെ കര്‍ഷകര്‍ക്ക് അതിന്റെ ഒരു ഗുണവും കിട്ടുന്നില്ല, എന്നു മാത്രമല്ല ഇടനിലക്കാരുടെ ചൂഷണമാണ് നടക്കുന്നതും.