വാട്സാപ് ഉപയോക്താക്കൾക്ക് ഭീഷണിയായി വ്യാജന്‍

വാട്സാപ് പണിമുടക്കിയതിനു പിന്നാലെ ഉപയോക്താക്കൾക്ക് ആപ്പായി വ്യാജന്‍ രംഗത്ത്. ‘അപ്ഡേറ്റ് വാട്സാപ്’ എന്ന പേരിൽ പ്ലേ സ്റ്റോറിലുള്ള ഒരു ആപ്പാണ് വില്ലൻ. ഉടൻതന്നെ വാട്സാപ് പുറത്തുവിടാൻ ഉദ്ദേശിക്കുന്ന വാട്സാപ് ബിസിനസിന്റെ വ്യാജപ്പതിപ്പാണിതെന്നാണ് അവകാശവാദം. പ്ലേ സ്റ്റോറിൽ ഉയർന്ന് റേറ്റിങ്ങാണ് ഈ ആപ്പിനുള്ളത്. അതുകൊണ്ടു തന്നെ ഒരുപാടു പേർ ഇത് ഡൗൺലോഡ് ചെയ്തു. പത്തു ലക്ഷം പേരാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു മാത്രം ഇതുവരെ ‍‍ഡ‍ൗൺ ലോഡ് ചെയ്തിട്ടുള്ളത്. ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നതിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് വ്യാജ ആപ്പ് നീക്കം ചെയ്തിട്ടുണ്ട്.

ഇന്നലെ വാട്സാപ്പ് സേവനം ലോകമെങ്ങും അരമണിക്കൂറോളം നിലച്ചിരുന്നു. ഉപയോക്താക്കള്‍ ഫെയ്സ്ബുക്കിലും ട്വിറ്ററിലും പങ്കുവച്ച സന്ദേശങ്ങള്‍ വഴിയാണ് സേവനം നിലച്ചത് വ്യക്തമായത്. വാട്സാപ്പ് സേവനം നിലയ്്ക്കാന്‍ ഇടയായതിന്റെ കാരണം സെർവർ തകരാറാണെന്നു കരുതുന്നു. ഉടമകളായ ഫെയ്സ് ബുക്ക് അധികൃതര്‍ ഇതുവരെ കാരണം വ്യക്തമാക്കിയിട്ടില്ല.

സെര്‍വറുകള്‍ തകരാറിലായതാണ്  കാരണമെന്ന് സൂചന. സേവനം പുനസ്ഥാപിച്ചെങ്കിലും യൂറോപ്പിലടക്കം പലയിടത്തും തകരാര്‍ പൂര്‍ണമായി പരിഹരിക്കാനായില്ല. നൂറുകോടിയിലധികം  ഉപയോക്താക്കളുളള വാട്സാപ്പിന് ഇന്ത്യയില്‍ മാത്രം ഇരുപത് കോടി ഉപയോക്താക്കളുണ്ട്.