ഇന്ത്യയില്‍ ഡിജിറ്റല്‍ പണം കൈമാറ്റത്തില്‍ വിപ്ലവം കുറിക്കാന്‍ ഗൂഗിള്‍ എത്തുന്നു. തേസ് എന്ന പേരില്‍ ഗൂഗിളിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഗൂഗിളിനുപിന്നാലെ ഫെയ്സ്ബുക്കും വാട്സാപ്പും ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തിറങ്ങാന്‍ അനുമതി തേടിയിട്ടുണ്ട്.
ഹിന്ദിയില്‍ തേസ് എന്നാല്‍ വേഗം. അതിവേഗത്തില്‍ ഡിജിറ്റല്‍ പണമിടപാട് എന്ന വാഗ്ദാനവുമായാണ് ഗൂഗിള്‍ തേസ് പുറത്തിറക്കുന്നത്. അക്കൗണ്ട് നമ്പറോ ഐഎഫ്എസ്സി കോഡോ ഇല്ലാതെ ഒരുബാങ്കില്‍ നിന്ന് മറ്റൊരുബാങ്കിലേക്ക് അനായാസം പണം കൈമാറാവുന്ന യുപിഐ സംവിധാനമാണ് തേസിന്റേയും അടിത്തറ. പേ ടിഎം, മൊബിവിക് തുടങ്ങിയ മൊബൈല്‍ വാലറ്റുകളിലും ഉപയോഗിക്കാം. തേസിന്റെ യുപിഐ ടെസ്റ്റിങ് വിജയകരമായി പൂര്‍ത്തിയായെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ ജൂലൈയില്‍ അറിയിച്ചിരുന്നു.
തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ തേസിന്റെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടാകും. ഗൂഗിള്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിനെത്തും. മെല്ലെപ്പോക്കിനേക്കാള് നല്ലതാണല്ലോ വേഗം എന്നാണ് തേസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഗൂഗിള്‍ നല്കുന്ന മറുപടി. നിലവിലുള്ള യുപിഐ സേവനദാതാക്കള്‍ക്ക് തേസ് വെല്ലുവിളിയാകുമെന്നകാര്യത്തില് സംശയമില്ല. ഗൂഗിളിനുപിന്നാലെ ഫെയ്സബുക്കും വാട്സപ്പും ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തിറങ്ങാന്‍ അനുമതി തേടി എന്‍പിസിഐയെ സമീപിച്ചിട്ടുണ്ട്.