ആറളത്ത് വനാതിര്‍ത്തിയില്‍ മരംമുറിയെന്ന് പരാതി; അന്വേഷണം

കണ്ണൂർ ആറളത്ത്  ആനമതിൽ നിർമാണത്തിന്റെ മറവിൽ മരം മുറി നടന്നതായുള്ള പരാതിയിൽ കേസ് എടുത്ത് വനം വകുപ്പ്.ആന മതിലിനായി അടയാളപ്പെടുത്താത്ത മരങ്ങൾ മുറിച്ച സംഭവത്തിൽ ഗോത്ര ജീവിത സ്വാശ്രയ സംഘത്തിലെ 3 പേർക്കെതിരെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു.നേരത്തെ സർവെ നടത്തി  മുറിക്കാൻ അടയാളപ്പെടുത്തിയ മരങ്ങൾ കൂടാതെയുളള മരങ്ങളും മുറിച്ചതായാണ് പരാതി.

ആന മതില്‍ നിർമാണത്തിനു വേണ്ടി അടയാളപ്പെടുത്തിയ മരങ്ങൾക്കപ്പുറം മരം  മുറിക്കുന്നില്ലെന്ന്  ഉറപ്പുവരുത്തുന്നതിൽ ആറളം വന്യജീവി സങ്കേതം അധികൃതർ വീഴ്ച്ച വരുത്തിയെന്നാണ് ഉയർന്നിരിക്കുന്ന പരാതി കണ്ണൂർ ഫ്ലയിംങ്ങ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ ഉന്നത തല സംഘം സ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വളയം ചാൽ വനം ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങി പരിപ്പ്തോട് വരെ 10.5 കിലോമീറ്റർ നീളത്തിലാണ് ആന മതിൽ നിർമിക്കുന്നത്. ഇതിൽ പരിപ്പ്തോട് മുതൽ പൊട്ടിച്ചിപ്പാറ വരെ ആദ്യ റീച്ചിലെ 2.5 കിലോമീറ്ററിൽ 100 ലധികം മരങ്ങളാണ് മുറിച്ചത്. 10.5 കിലോമീറ്ററിൽ വരുന്ന 390 മരങ്ങൾ മുറിച്ച ശേഷം ആനമതിൽ നിർമിക്കാനായിരുന്നു തീരുമാനം.ആനമതിൽ എത്രയും വേഗം നിർമിക്കേണ്ടതിനാൽ ഒരോ റീച്ചിലേയും മരങ്ങൾ മുറിച്ചിട്ട ശേഷം ലേലം നടത്താനായിരുന്നു തീരുമാനം. ഈ മരം മുറിയിലാണ് ഇപ്പോൾ കേസ് എടുത്ത് അന്വേഷണം നടക്കുന്നത്