സുഗന്ധഗിരി മരംമുറി കേസ്: ഡിഎഫ്ഒ ഉള്‍പ്പെടെ മൂന്നു പേരുടെ സസ്പെന്‍ഷന്‍ മരവിപ്പിച്ചു

സുഗന്ധഗിരി മരംമുറി കേസിൽ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരിം ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരായ സസ്പെന്‍ഷന്‍ മരവിപ്പിച്ചു. വിഷയത്തില്‍ വിശദീകരണം തേടാന്‍ വനംമന്ത്രിയുടെ നിര്‍ദേശം. വനം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിശദീകരണം ചോദിക്കാതെയുള്ള നടപടി കോടതിയില്‍ നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍. 

സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം.സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് നേരത്തെ സസ്പെന്‍ഡ് ചെയ്തത്. മരംമുറി തടയുന്നതിൽ അനാസ്ഥയും കൃത്യവിലോപവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായെന്നായിരുന്നു കണ്ടെത്തൽ. സർക്കാർ താൽപര്യം സംരക്ഷിക്കുന്നതിൽ ഡി.എഫ്.ഒയ്ക്ക് വീഴ്ച സംഭവിച്ചുവെന്നും ഫീൽഡ് പരിശോധനയിലും രഹസ്യ വിവരശേഖരണത്തിലും ഗുരുതര വീഴ്ച മറ്റു രണ്ടുപേർ വരുത്തിയെന്നുമാണ് കണ്ടെത്തൽ. സുഗന്ധഗിരിയിൽ അനധികൃത മരംമുറി നടന്ന സംഭവത്തിൽ 18 ജീവനക്കാർ കുറ്റക്കാരെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെ കൽപ്പറ്റ റെയിഞ്ച് ഓഫീസറെ സസ്പെൻഡ് ചെയ്തു.

Sudhangiri tree cut case: Suspension of three persons including DFO frozen