സുഗന്ധഗിരി മരംമുറിയില്‍ നടപടി; കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍

സുഗന്ധഗിരിയിലെ അനധികൃത മരംമുറിയില്‍ നടപടിയെടുത്ത് സര്‍ക്കാര്‍. കൽപ്പറ്റ റേഞ്ച് ഓഫിസർ കെ.നീതുവിനെ സസ്പെൻഡ് ചെയ്തു. ഭരണവിഭാഗം എ.പി.സി.സി.എഫ്. പ്രമോദ്.ജി.കൃഷ്ണൻ ആണ് ഉത്തരവിറക്കിയത്. ഡി.എഫ്.ഒ ഷജ്ന കരീമിനോട് വിശദീകരണം തേടി. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സി.സി.എഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. 

വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ നൂറിലേറെ മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. മണ്ണിട്ടു മൂടിയതും കത്തിച്ചതുമായ കൂടുതൽ മരക്കുറ്റികൾ ഓരോ ദിവസവും കണ്ടെത്തുകയായിരുന്നു. മുപ്പതോളം ജീവനക്കാർ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന പ്രദേശത്താണ് വനംകൊള്ള. 4 പേർ കൈകോർത്താൽ വരെ ചുറ്റെത്താത്ത വണ്ണമുള്ള മരങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സുഗന്ധഗിരിയിൽ ഭൂരഹിതരായ ആദിവാസികൾക്ക് 5 ഏക്കർ വീതം പതിച്ചു കൊടുക്കാൻ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് മരംകൊള്ള നടന്നത്. പതിച്ചു കൊടുത്തെങ്കിലും ഭൂമി ഇപ്പോഴും വനം വകുപ്പിന്റെ അധീനതയിലാണ്. ലക്കിടി ചെക്പോസ്റ്റിൽ വേണ്ടത്ര പരിശോധനയില്ലാതെ മരങ്ങൾ കൊണ്ടു പോകാൻ സാധിച്ചതും പരാതികൾ കിട്ടിയിട്ടും ഫ്ലയിങ് സ്ക്വാഡ് അന്വേഷിക്കാതിരുന്നതും ദുരൂഹമാണ്. ഫെബ്രുവരി 27, 29 തീയതികളിൽ കൽപറ്റ റേഞ്ചിൽ മരംമുറിക്കെതിരെ 2 കേസുകൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ, അതിനു ശേഷവും ഇതേ കരാറുകാരൻ ദിവസങ്ങളോളം മരങ്ങൾ കടത്തി എന്നാണു വിവരം.