cinema-theater-1

ഫെഫ്കയുടെ പ്രതിഷേധത്തിന് പിന്നാലെ മലയാള സിനിമകളുടെ പ്രദർശനം പുനരാരംഭിച്ച് പിവിആർ. വ്യവസായി എം.എ.യൂസഫലിയുടെ നേതൃത്വത്തിൽ ഓൺലൈനായി നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ഇതോടെ ആദ്യം തർക്കമുയർന്ന കൊച്ചിയിലെയും കോഴിക്കോട്ടെയും  ഓരോ തിയറ്ററുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രദർശനം ആരംഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പിവിആർ ഗ്രൂപ്പിന്‍റെ തീയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെ തെരുവിൽ ചോദ്യംചെയ്യുമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക രാവിലെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചർച്ചയ്ക്ക് അരങ്ങൊരുങ്ങിയത്. മലയാളചിത്രങ്ങൾ ഒഴിവാക്കി ഇതരസിനിമകൾ പ്രദർശിപ്പിച്ച് നേട്ടമുണ്ടാക്കാമെന്ന് പിവിആർ കരുതേണ്ടെന്നും ഫെഫ്ക വ്യക്തമാക്കി. തിയറ്ററുകളിലേക്ക് കണ്ടന്റ് എത്തിക്കുന്ന ക്യൂബ് അടക്കമുള്ള കമ്പനികൾ വലിയ വെർച്വൽ പ്രിന്റ് ഫീ ഈടാക്കുന്നതിനാൽ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻകൈയെടുത്ത് പിഡിസി എന്ന പേരിൽ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയിരുന്നു. ഇതോടെ കുറഞ്ഞ ചെലവിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇതിനോട് സഹകരിക്കാതെ മലയാള സിനിമ രാജ്യത്തെ മുഴുവൻ സ്ക്രീനുകളിലും പിവിആർ ഒഴിവാക്കിയതിന് എതിരെയായിരുന്നു ഫെഫ്കയുടെ പ്രതിഷേധം. ഇതോടെ എം.എ. യൂസഫലി ഇടപ്പെട്ട് പി.പി.ആറുമായി നടത്തിയ ചർച്ചയിൽ തർക്കം പരിഹരിച്ച് സിനിമ പ്രദർശനം തുടങ്ങി. ആദ്യം തർക്കമുയർന്ന കൊച്ചിയിലെയും, കോടിക്കോട്ടെയും ഓരോ തീയറ്ററുകളിൽ ചർച്ച തുടരും.

 

നിരുപാധികമാണ് പി.വി.ആർ ഗ്രൂപ്പ് നിലപാട് മാറ്റിയതെന്നും മലയാള സിനിമയുടെ വിജയമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പ്രതികരിച്ചു. ഹൗസ് ഫുള്ളായി പ്രദർശിപ്പിച്ചിരുന്ന ആട് ജീവിതം പെട്ടന്ന് പിൻവലിച്ചതിനാൽ നഷ്ടപരിഹാരത്തിന് നിയമനടപടി സാധ്യത പരിശോധിക്കുമെന്ന് ബ്ലെസി. രണ്ടാഴ്ചയ്ക്കുള്ളിൽ ബാക്കി പ്രശ്നങ്ങളും ചർച്ച ചെയ്ത് പരിഹരിക്കാനാണ് നിലവിലെ തീരുമാനം.