ടി.ടി.ഇ.യെ തള്ളിയിട്ട് കൊന്ന പ്രതി ബാര്‍ ജീവനക്കാരന്‍; വിനോദിന്‍റെ സംസ്കാരം ഇന്ന്

vinod-rana-03
SHARE

തൃശൂർ വെളപ്പായയിൽ  ഓടുന്ന ട്രെയിനിൽ നിന്ന് ടി.ടി.ഇയെ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി കുന്നംകുളത്തെ ബാര്‍ ജീവനക്കാരനെന്ന് കണ്ടെത്തി. മദ്യപിച്ച് ഹോട്ടലിലെത്തിയപ്പോള്‍ പ്രതിയെ പറഞ്ഞുവിട്ടെന്നാണ് ബാര്‍ അധികൃതരുടെ വെളിപ്പെടുത്തല്‍. രണ്ടുമാസം മുന്‍പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചതെന്നും ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു.  ഭിന്നശേഷിക്കാരനായ പ്രതി രജനീകാന്ത റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ  തൃശൂരിലെത്തിച്ചു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയാണ് കൊല്ലപ്പെട്ട ടി.ടി.ഇ വിനോദ്.

ഇന്നലെ രാത്രി ഏഴരയോടെ എറണാകുളം–പട്ന ട്രെയിൻ തൃശൂർ വെളപ്പായയിൽ എത്തിയപ്പോഴാണ് ദാരുണമായ സംഭവം. മദ്യലഹരിയിലായിരുന്ന പ്രതിയെ യാത്രക്കാർ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി. റിസർവേഷൻ കംപാർട്മെന്‍റില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതോടെയാണ് പ്രകോപിതനായ രജനീകാന്ത റാണ ടി.ടി.ഇയെ തള്ളിയിട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

യാത്രക്കാരന്‍റെ ക്രൂരതയ്ക്ക് ഇരയായി ജീവന്‍ നഷ്ടപ്പെട്ട ടിടിഇ വിനോദ്  കലാരംഗത്തും സജീവമായിരുന്നു. പുലിമുരുകന്‍, എന്നും എപ്പോഴും, ഗ്യാങ്സ്റ്റര്‍, വില്ലാളിവീരന്‍, മംഗ്ലീഷ്, ഹൗ ഒാള്‍ഡ് ആര്‍ യു തുടങ്ങി 70ാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ രംഗത്ത് കണ്ണന്‍ എന്ന് അറിയപ്പെടുന്ന വിനോദ് സ്കൂളില്‍ സംവിധായകന്‍ ആഷിഖ് അബുവിന്‍റെ സഹപാഠിയായിരുന്നു. വിനോദിന്റെ മരണം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്‍ പറഞ്ഞു. ഒരു മികച്ച കലാകാരനെയാണ് നഷ്ടമായതെന്നും മാര്‍ത്താണ്ഡന്‍ മനോരമ ന്യൂസിനോട് പറഞ്ഞു

TTE murder case; Accused is hotel employee in thrissur

MORE IN BREAKING NEWS
SHOW MORE