കളമശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

കൊച്ചി ഇടപ്പള്ളിയിൽ നടുറോഡിൽ യുവതിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇടപ്പള്ളി സ്വദേശിനി നീനുവിനെയാണ് ഭർത്താവ് ആഷ്ലിൻ കുടുംബ തർക്കത്തെ തുടർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നീനു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമണത്തിന് പിന്നാലെ ആഷല്‍ പൊലീസിൽ കീഴടങ്ങി.

രാവിലെ ഒമ്പതരയോടെ ആയിരുന്നു ആക്രമണം. വീട്ടിൽനിന്ന് ജോലിചെയ്യുന്ന കടയിലേക്ക് ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന നീനുവിനെ തടഞ്ഞുനിർത്തിയാണ് ആക്രമിച്ചത്. വാക്ക് തർക്കത്തിന് പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നീനുവിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നീനു തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി. നാട്ടുകാർ ചേർന്ന് ഉടൻതന്നെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം അമൃത ആശുപത്രിയിലേക്ക് മാറ്റി.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും ഒരു വർഷമായി അകന്നു കഴിയുകയാണ്. നീനുവിന്റെ വീട്ടിലെത്തി ഇയാൾ പലവട്ടം ബഹളം വച്ചിട്ടുണ്ടെങ്കിലും പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. ആക്രമണത്തിന് പിന്നാലെ ആഷല്‍ സ്വന്തം ഇരുചക്ര വാഹനത്തിൽ കളമശേരി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. 

Man slits wife's throat in Kalamassery, woman in critical condition