nettur-market

കൊച്ചി നെട്ടൂരിലെ മരട് വേള്‍ഡ് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. കടകള്‍ക്ക് മുന്‍പിലെ വൈക്കോല്‍ കൂനയില്‍ നിന്നാണ് തീ പടര്‍ന്നത്. ഒന്നരമണിക്കൂറിലേറെ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ തീ പൂര്‍ണമായും നിയന്ത്രിച്ചു. വേള്‍ഡ് മാര്‍ക്കറ്റിലെ തൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് സമീപത്തെ ഗോഡൗണിലേക്കും കടകളിലേക്കും തീ പടരാതിരിക്കാന്‍ കാരണമായതും.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് മാര്‍ക്കറ്റിന് മുന്‍വശത്തെ വൈക്കോല്‍ കൂനയില്‍ തീ പിടിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ സമീപത്തെ വിജനമായ പ്രദേശത്തുള്ള പുല്‍ത്തകിടിയിലേക്കും ഉണങ്ങി നിന്ന മരങ്ങളിലേക്കും തീ ആളി പടര്‍ന്നു. ഉടന്‍ തന്നെ വേള്‍ഡ് മാര്‍ക്കറ്റിന് സമീപത്തുള്ള ജലഅതോറിറ്റിയുടെ ജലശൂദ്ധീകരണശാലയില്‍ നിന്നടങ്കം ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് തൊഴിലാളികള്‍ തന്നെ തീ കെടുത്താന്‍ തുടങ്ങി. തൊട്ടടുത്ത ഗോഡൗണിലേക്കും, പച്ചക്കറി കടകളിലേക്കും തീ പടരാതെ കാത്തതും ഇവരുടെ ശ്രമം തന്നെ.

പ്ലാസ്റ്റിക് മാലിന്യമടക്കം വേള്‍ഡ് മാര്‍ക്കറ്റില്‍ നിന്ന് നീക്കം ചെയ്യാറില്ലെന്നും അതാണ് തീപിടിത്തതിന് കാരണമായതെന്നുമാണ് മരട് നഗരസഭയുടെ ആരോപണം. കൃഷിവകുപ്പിന് കീഴിലുള്ള കാബ്്കോ എന്ന ഏജന്‍സിക്കാണ് മരട് വേള്‍ഡ് മാര്‍ക്കറ്റിന്റെ നിയന്ത്രണം. മാലിന്യനീക്കമടക്കം അവരുടെ ചുമതലയാണ്. ആവര്‍ത്തിച്ച് പരാതി നല്‍കിയിട്ടും അധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. നെട്ടൂരില്‍ 48 ഏക്കര്‍ പ്രദേശത്താണ് മരട് വേള്‍ഡ് മാര്‍ക്കറ്റ്. 140 കടകളാണ് നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.