pookode-veterinary-college-

വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ ബിരുദ വിദ്യാർഥി സിദ്ധാര്‍ഥ് ജീവനൊടുക്കിയതില്‍ അറസ്റ്റിനൊരുങ്ങി പൊലീസ്. പ്രതിപ്പട്ടികയ്ക്ക് പുറമേയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. പ്രതികളായ 12 പേർ ഒളിവിലിരിക്കെ പ്രതിപട്ടിക ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

വെറ്ററിനറി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന എട്ട് പേരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ഇവരിൽ ചിലരുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. വെറ്ററിനറി കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ ഉൾപ്പെടെ 12 പേരാണ് നിലവിൽ പ്രതികൾ. ഇവർ ഒളിവിലാണ്. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനലുകളുടെ സംഘമാണ് എസ്.എഫ്.ഐ. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദ്ദനമേറ്റിട്ടുണ്ടെന്ന് തെളിഞ്ഞതോടെ റാഗിങ്‌ നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. സംഭവം നടന്ന് 10 ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസും കോളേജ് അധികൃതരും സഹായം ചെയ്തുവെന്നാണ് ആരോപണം.

18 accused in the death of a student at Pookode Veterinary College in Wayanad