കൊയിലാണ്ടി സിപിഎം നേതാവിന്റെ കൊലപാതകം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

cpm-leader-murder-koyilandi
SHARE

കോഴിക്കോട് കൊയിലാണ്ടി സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനെ വെട്ടി കൊന്ന കേസില്‍  പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വടകര ഡിവൈ.എസ്.പിയുട നേതൃത്വത്തില്‍ 14 അംഗ സംഘം അന്വേഷിക്കും . കൊയിലാണ്ടി സിഐ: മെല്‍വിന്‍ ജോസിനാണ് അന്വേഷണച്ചുമതല

മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും അയൽക്കാരനുമായ അഭിലാഷ് തനിച്ചാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി.

പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രത്തിലെ തിറ ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയിൽ സത്യനാഥൻ കൊല്ലപ്പെട്ടത്. ക്ഷേത്രമുറ്റത്ത് വച്ചായിരുന്നു ക്രൂരമായ കൊലപാതകം. ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് കുറ്റമേറ്റ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. രണ്ടുവർഷം മുൻപ് ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും പ്രതി , കൊല്ലപ്പെട്ട സത്യനാഥന്റെ വീട് ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ ഇരുവരും തമ്മിൽ ഉണ്ടായ പ്രശ്നം എന്താണെന്ന് അറിയില്ലെന്ന് നാട്ടുകാർ.

വ്യക്തി വൈരാഗ്യം എന്നല്ലാതെ പോലീസും കൂടുതൽ വിട്ടു പറയുന്നില്ല. കത്തി ഉപയോഗിച്ചാണ് പ്രതി കൊലപാതകം നടത്തിയത് എന്നാണ് പോലീസ് കരുതുന്നത് . എന്നാൽ ഇക്കാര്യത്തിൽ പോലീസിന് വ്യക്തതയില്ല. ആയുധം ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സത്യനാഥന്റെ കഴുത്തിലും നെഞ്ചിലുമായി ആഴത്തിലുള്ള ആറ് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു

അഭിലാഷ് സിപിഎം  വിരുദ്ധനാണെന്നും ക്രിമിനൽ വാസന കണ്ടപ്പോൾ തന്നെ ആറു വർഷം മുൻപ് പാർട്ടി പുറത്താക്കിയതാണെന്നും ഇ പി ജയരാജനും വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം  മൃതദേഹം വിലാപയാത്രയായി കൊയിലാണ്ടിയിലെ വീട്ടിൽ എത്തിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് വിവിധ ഇടങ്ങളിലായി അന്ത്യാഞ്ജലി അർപ്പിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച്

സിപിഎം കൊയിലാണ്ടി മേഖലയിൽ പ്രഖ്യാപിച്ച ഹർത്താലിൽ കടകമ്പോളങ്ങൾ ഏതാണ്ട് പൂർണമായും അടഞ്ഞു കിടന്നു. 

CPM leader's murder in Koyilandi: special team probe

MORE IN BREAKING NEWS
SHOW MORE