എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി; അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കേടതി

Veena-vijayan
SHARE

എസ്എഫ്ഐഒ അന്വേഷണത്തോട് സഹകരിക്കണമെന്ന് വീണ വിജയനോട് കര്‍ണാടക ഹൈക്കോടതി. ഹര്‍ജിയില്‍ വിധിപറയുംവരെ അറസ്റ്റടക്കമുള്ള കടുത്ത നടപടികളില്‍ നിന്ന് എസ്എഫ്ഐഒയെ കോടതി വിലക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കമ്പനികാര്യ നിയമത്തിന്റെ 201 വകുപ്പ് പ്രകാരം എക്സാലോജിക്കിനെതിരെ കമ്പനി റജിസ്ട്രാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്  സമര്‍പ്പിച്ചിരുന്നു. ഇതേ നിയമത്തിന്റെ 212 ആം വകുപ്പ് അനുസരിച്ച് എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയത്. നിയമപരമായി നിലനില്‍ക്കില്ലെന്ന വാദമാണ് വീണാ വിജയന്‍ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ കമ്പനി റജിസ്ട്രാര്‍ അന്വേഷണത്തിന്റെ അടുത്ത ഘട്ടമാണ് എസ്എഫ്ഐഒ എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അരവിന്ദ് കാമത്ത് കോടതിയെ അറിയിച്ചു. ആദായ  നികുതി വകുപ്പിന്റെ അന്വേഷണം അടക്കം നേരിട്ട കമ്പനിയാണ് എക്സാലോജിക്. ഗുരുതര സാമ്പത്തിക കുറ്റകൃത്യമാണു നടന്നിരിക്കുന്നത്. വിവിധ വകുപ്പുകളില്‍ നിന്നു രേഖകള്‍ വിളിച്ചുവരുത്തുന്നതിനടക്കം കമ്പനി റജിസ്ട്രാര്‍ക്ക് പരിമിതികളുണ്ട്. ഇതിനാലാണ് എസ്എഫ്ഐഒ അന്വേഷണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. 

വിപുലമായ അധികാരങ്ങളുള്ള ഏജന്‍സിയുടെ അന്വേഷണം തുടങ്ങിയത് അറിയിച്ചില്ലെന്നും അറസ്റ്റ്  ചെയ്യപ്പെട്ടേക്കാമെന്നും  വീണയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷന്‍ അരവിന്ദ്ദത്താര്‍ കോടതിയില്‍ പറഞ്ഞു . പ്രാഥമിക അന്വേഷണമാണ് നടക്കുന്നതെന്നും വീണയോട് രേഖകള്‍ ചോദിക്കുക മാത്രമേ ചെയ്തിട്ടൊള്ളൂവെന്നും എസ്എഫ്ഐഒ നിലപാട് എടുത്തു. ഈസമയമാണ് വിധി പറയുന്നതുവരെ കടുത്ത നടപടികള്‍ പാടില്ലെന്നു കോടതി നിര്‍ദേശം നല്‍കിയത്.   മറുപടി നല്‍കാന്‍  വീണ ഇതിനകം സമയം തേടിയത് കോടതി കണക്കിലെടുത്തു. നോട്ടീസിനു മറുപടി നല്‍കാനും അന്വേഷണവുമായി സഹകരിക്കാനും വീണയോട് കോടതി നിര്‍ദേശിച്ചത് ഇതും കൂടി പരിഗണിച്ചാണ്.

MORE IN BREAKING NEWS
SHOW MORE