ബി.ജെ.പി– ജെ.ഡി.യു സഖ്യസര്‍ക്കാര്‍ അധികാരമേറ്റു; നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി

Nitish Kumar takes oath as Bihar CM

ബിഹാറില്‍ ബി.ജെ.പി– ജെ.ഡി.യു സഖ്യസര്‍ക്കാര്‍ അധികാരമേറ്റു. നിതീഷ്കുമാര്‍  മുഖ്യമന്ത്രിയായി സത്യപ്രതിജ്‍ഞ ചെയ്തു. ആറാം തവണയാണ് ബിജെപിക്കൊപ്പം ജെഡിയു സഖ്യമുണ്ടാക്കുന്നത് . ബിജെപിയില്‍നിന്ന് സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരാകും. സഖ്യത്തിന് ഒരു സ്വതന്ത്രന്‍ 128 പേരുടെ പിന്തുണയുണ്ട്.   കേവലഭൂരിപക്ഷത്തിന് 122 സീറ്റ് മതി. ജെ.പി.നഡ്ഡയും ചിരാഗ് പസ്വാനും പട്നയിലെ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. 

ദിവസങ്ങള്‍ നീണ്ട ചരടുവലികള്‍ക്കൊടുവില്‍ രാവിലെ പതിനൊന്നുമണിയോടെ നിതീഷ്കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും ഇന്ത്യസഖ്യത്തിനായി സാധ്യമായതെല്ലാം ചെയ്തെന്നും നിതീഷ് പറഞ്ഞു. പക്ഷേ മുന്നണിയില്‍ ഒന്നും സംഭവിച്ചില്ലെന്നും കുറ്റപ്പെടുത്തി. 

പോകുന്നവര്‍ പോകട്ടെയെന്നും ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി പോരാടുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. ജെഡിയു പോകുമെന്ന് നേരത്തെ  അറിയാമായിരുന്നു. ഇന്ത്യ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും ഖര്‍ഗെ പറഞ്ഞു.  നിതീഷ്കുമാര്‍ ഓന്തിനെപ്പോലെയെന്ന് ജയറാം രമേശ് എക്സില്‍ കുറിച്ചു. രാഷ്ട്രീയ പങ്കാളിയെ അടിക്കടി മാറ്റുന്ന വഞ്ചനയുടെ വിദഗ്ധനോട് ബിഹാറിലെ ജനം പൊറുക്കില്ലെന്നും ജയറാം രമേശ് പറഞ്ഞു. അതേസമയം ഓപ്പറേഷന്‍ താമരയില്‍ ബിഹാര്‍ കോണ്‍ഗ്രസും പ്രതിസന്ധിയിലായി. 19 എംഎല്‍എമാരില്‍ പകുതിയോളംപേരെ ബന്ധപ്പെടാനാവാത്തതിനാല്‍ 11 മണിക്കു നിശ്ചയിച്ച യോഗം മാറ്റി.  

മനസില്‍ അധികാരം മാത്രം

ചാട്ടങ്ങള്‍ പുതുമയല്ല നിതീഷ് കുമാറിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍. അധികാരം പിടിക്കാന്‍ ആരുമായും എപ്പോള്‍ വേണമെങ്കിലും കൂട്ടുകൂടുക എന്നതാണ് പ്രത്യയശാസ്ത്രം. സിപിഐ (എംഎല്‍) തുടങ്ങി ബിജെപി വരെ നിതീഷ് കൂട്ടുപിടിക്കാത്ത ആരും തന്നെ ബിഹാര്‍ രാഷ്ട്രീയത്തിലില്ല.

സംഘമുക്ത ഭാരത്, മണ്ണില്‍ച്ചേര്‍ന്നാലും ബിജെപിക്കൊപ്പമില്ല എന്നെല്ലാം നിതീഷ് കുമാര്‍ പറഞ്ഞത് എന്നെങ്കിലും പ്രധാനമന്ത്രിയാവാം എന്ന മോഹത്തിലാണ് എന്ന് വിമര്‍ശകര്‍ മനസിലാക്കുക. അധികാരം മാത്രമാണ് ആ മനസില്‍.  അതിനായി എന്തും ചെയ്യും. 1989ല്‍ലാലു പ്രസാദ് യാദവിനെ പ്രതിപക്ഷ നേതാവാക്കിയ നിതീഷ് 96ല്‍ ബിെജപിയെ പിന്തുണച്ചു.1998–2004 ബിജെപിയുടെ കേന്ദ്രമന്ത്രിസഭയില്‍ അംഗമായി. 2000ലും 2005ലും  ബിജെപി പിന്തുണയോടെ ബിഹാര്‍ മുഖ്യമന്ത്രി. 2014 ലെ പ്രധാനമന്ത്രി മോഹത്തിന് നരേന്ദ്രമോദി വെല്ലുവിളിയാണെന്ന് ഉറപ്പിച്ചതോടെ 2013ല്‍ ബിെജപിയുമായി വേര്‍പിരിഞ്ഞു. എന്‍ഡിഎയ്ക്ക് മതേതര മുഖം നേതാവായി വേണം എന്നു പറഞ്ഞ നിതീഷ് സംഘമുക്ത ഭാരതത്തിനായി മുറവിളി കൂട്ടി.

2015ല്‍ അതുവരെ ബദ്ധ ശത്രുക്കളായിരുന്ന ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. മഹാസഖ്യം 243 ല്‍ ‍178 സീറ്റും നേടി അധികാരത്തിലെത്തി. 2017ല്‍ തേജസ്വി യാദവിനെതിരെയുള്ള അഴിമതി ഉയര്‍ത്തിക്കാട്ടി മഹാസഖ്യത്തില്‍ നിന്ന് പിരിഞ്ഞു. നേരെ ബിജെപിക്ക് കൈകൊടുത്തു.  2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി.  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഉടക്കായി. ജെഡിയുവിനെ ദുര്‍ബലമാക്കാനന്‍ ചിരാഗ് പസ്വാനെ രംഗത്തിറക്കിയത് ബിജെപിയാണെന്ന് നിതീഷ് കുറ്റപ്പെടുത്തി. എങ്കിലും  2020ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി.  പക്ഷേ ബിെജപിയും നിതീഷുമായുള്ള അകലം കൂടിവന്നു. 2022 ല്‍ വീണ്ടും മഹാസഖ്യത്തിനൊപ്പം. 2024 ലെ പ്രധാനമന്ത്രിപദം  സ്വപ്നം കണ്ട് ഇന്ത്യ സഖ്യമുണ്ടാക്കി. വേണ്ട പരിഗണന കിട്ടുന്നെല്ലെന്ന പരാതിയുമായി വീണ്ടും ബിെജപി ക്യാംപിലേക്ക്. 

Nitish Kumar Takes Oath As Bihar Chief Minister For Record 9th Time